‘ആനവണ്ടി’യെ നന്നാക്കാൻ എന്താവഴി?; കർണാടകയെ കണ്ടുപഠിക്കാൻ കേരളം

ബെംഗളൂരു ∙ കർണാടക ആർടിസിയുടെ പ്രവർത്തനക്ഷമത പഠിച്ച് കേരള ആർടിസിയെ നഷ്ടത്തിൽനിന്ന് കരകയറ്റാൻ എംഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെത്തി. ബസുകളുടെ സർവീസ് ക്രമീകരണം, വാണിജ്യവൽക്കരണം, ടിക്കറ്റ് ഇതര വരുമാനം, സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന ശക്തി പദ്ധതി, ജീവനക്കാർക്കുള്ള ഒരു കോടി രൂപയുടെ അപകടമരണ ഇൻഷുറൻസ്, പഴയ ബസുകളുടെ നവീകരണം, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണു കേരള ആർടിസി സംഘം പരിശോധിച്ചത്.ശാന്തിനഗറിലെ കർണാടക ആർടിസി ആസ്ഥാനത്ത് എത്തിയ കേരളസംഘത്തെ എംഡി വി.അൻപുകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കർണാടക ആർടിസി ഡയറക്ടർ കെ.നന്ദിനി ദേവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെൻട്രൽ ഡിപ്പോയിലെത്തിയ സംഘം ബസുകളുടെ ശുചീകരണം, ഇന്ധനക്ഷമത ഉൾപ്പെടെയുള്ളവ നേരിട്ടു വിലയിരുത്തി. ആർടിസി ചീഫ് അക്കൗണ്ട്സ് ഓഫിസർ എ.ഷാജി, ജനറൽ മാനേജർ ഉല്ലാസ് ബാബു, ഐടി ഡപ്യൂട്ടി ജനറൽ മാനേജർ എസ്.നിഷാന്ത്, ഫ്യുവൽ ഡിവിഷൻ കോഓർഡിനേറ്റർ എൻ.ഐ.നവീൻ, ശ്രീഷ് മഹേന്ദ്രു എന്നിവർ പങ്കെടുത്തു.
Source link