കഴിഞ്ഞ മാസം മകൻ വിളിച്ചപ്പോൾ വധശിക്ഷയുടെ കാര്യം പറഞ്ഞു; അന്ന് മുഖ്യമന്ത്രിയടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടും രക്ഷിക്കാനായില്ല

കാസർകോട്: കഴിഞ്ഞ ഫെബ്രുവരി പതിനാലിന് യു എ ഇയിൽ നിന്ന് മകൻ വിളിച്ചപ്പോഴാണ് അവനെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന വിവരമറിഞ്ഞതെന്ന് മുരളീധരന്റെ പിതാവ് കേശവൻ. 2009 തൊട്ട് മുരളീധരൻ അലൈൻ ജയിലിലായിരുന്നെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മകൻ ജയിലിലായതിന് പിന്നാലെ, സഹായം തേടി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും രാഷ്ട്രീയ നേതാക്കളെയുമൊക്കെ ബന്ധപ്പെട്ടിരുന്നു. എന്നാൽ മകനെ ജയിലിൽ നിന്ന് പുറത്തിറക്കാനായില്ലെന്നും കേശവൻ പറഞ്ഞു. മുരളീധരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ യു എ ഇയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരെന കൊലപ്പെടുത്തിയ കേസിലാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്. ഇയാളെക്കൂടാതെ എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളികളായ മുഹമ്മദ് റിനാഷിനും വധശിക്ഷ ലഭിച്ചു. മാനസിക വിഭ്രാന്തിയുള്ളയാളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് റിനാഷിന്റെ മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
യു എ ഇ പരമോന്നത കോടതി ഇരുവരുടെയും വധശിക്ഷ ശരിവച്ചതിനെ തുടർന്ന് ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുരളീധരനും റിനാഷിനും വേണ്ടി യു എ ഇ സർക്കാരിൽ ദയാഹർജികളും മാപ്പ് അപേക്ഷകളും നൽകുന്നതടക്കം സാദ്ധ്യമായ എല്ലാ സഹായവും ചെയ്തതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ബന്ധുക്കൾക്ക് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Source link