KERALAM

ഒരു പെഗ് മദ്യത്തിൽ മൂന്നോ നാലോ ഗുളികകൾ, ലഭിക്കുന്നത് മൂന്നിരട്ടി വീര്യം: പൊറുതിമുട്ടി മെഡിക്കൽസ്റ്റോർ ജീവനക്കാർ

ആലപ്പുഴ: ഡോക്ടർമാരുടെ പേരിലുള്ള വ്യാജസീൽ തയ്യാറാക്കി മയക്കുഗുളികകൾ തേടിയെത്തുന്നവരെ കൊണ്ട് പൊറുതി മുട്ടുകയാണ് ജില്ലയിലെ മെഡിക്കൽസ്റ്റോർ ജീവനക്കാർ. മാനസികരോഗികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നതിനായി കുറിക്കുന്ന മരുന്നുകളാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത്. മനോരോഗത്തിനുള്ള മരുന്നുകൾ പുതിയ കുറിപ്പടികളുടെ അടിസ്ഥാനത്തിലേ നൽകാവൂ എന്ന ശക്തമായ നിയമം ഉള്ളതിനാലാണ് ലഹരിമാഫിയ വ്യാജസീൽ നിർമ്മാണത്തിലേക്ക് കടന്നത്.

ഡോക്ടറുടെ രജിസ്റ്റർ നമ്പർ അടക്കമുള്ള വിവരങ്ങളുള്ള സീൽ തയ്യാറാക്കിയാണ് കുറിപ്പടികൾ ഒരുക്കുന്നത്. യുവതീയുവാക്കൾക്ക് പുറമേ, സ്കൂൾ വിദ്യാർത്ഥികളെയും പ്രായമായ സ്ത്രീകളെയും മരുന്ന് വാങ്ങാനായി സംഘം ഉപയോഗിക്കുന്നുണ്ട്.


അടുത്തിടെ എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടറുടെ പേരിലുള്ള കുറിപ്പടിയുമായാണ് കോളേജ് വിദ്യാർത്ഥിനിയെന്ന് തോന്നിക്കുന്ന യുവതി ആലപ്പുഴയിലെ മെഡിക്കൽ സ്റ്റോറിലെത്തിയത്. പലരും ഗൂഗിളിൽ നിന്ന് നമ്പരെടുത്ത് മെഡിക്കൽ സ്റ്റോറിലേക്ക് വിളിച്ച് മയക്കുമരുന്നുകളുടെ പേര് പറഞ്ഞ് ലഭ്യമാണോ എന്ന് തിരക്കാറുമുണ്ട്. സുഖമില്ലാത്ത മുത്തച്ഛന് നൽകാനെന്ന പേരിലാണ് അടുത്തിടെ ഒരു യുവാവ് മെഡിക്കൽ സ്റ്റോറിലെത്തി മരുന്ന് തിരക്കിയത്.

വ്യാജ സീലുകൾ ഡോക്ടറുടെ രജിസ്റ്റർ നമ്പർ സഹിതം

 സംശയം തോന്നിയ കുറിപ്പടികൾ ഡോക്ടർമാർക്ക് അയച്ചുനൽകിയാണ് ഇവ വ്യാജമാണെന്ന് ഫാർമസിസ്റ്റുകൾ സ്ഥിരീകരിക്കുന്നത്

 ഇത്തരം മരുന്ന് തേടിയെത്തുന്നവരെ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമെങ്കിലും, ഇവർ എങ്ങനെ പ്രതികരിക്കുമെന്ന ഭയമുണ്ട്

 സ്ത്രീകൾ ജീവനക്കാരായുള്ള മെഡിക്കൽ സ്റ്റോറുകളിലാണ് വ്യാജ കുറിപ്പടികളുമായി കൂടുതൽ പേർ എത്തുന്നത്

 അമിതലാഭം പ്രതീക്ഷിച്ച് വിലകൂട്ടി ഇത്തരം മരുന്നുകൾ വിൽക്കുന്ന ചില കടക്കാരും ജില്ലയിലുണ്ടെന്ന് സൂചനയുണ്ട്

1:3 അനുപാതം

ഏതെല്ലാം മരുന്നുകൾ എത്ര മണിക്കൂർ വരെ വീര്യം നൽകുമെന്ന കൃത്യമായ ധാരണ ലഹരി ഉപയോഗിക്കുന്നവർക്കുണ്ട്. പല ഗുളികകളും വിലകുറഞ്ഞ മദ്യത്തിൽ കലർത്തി കഴിച്ചാണ് ലഹരി നേടുന്നത്. ഒരു പെഗ് മദ്യത്തിൽ മൂന്നോനാലോ ഗുളികകൾ കലർത്തി കുടിക്കുമ്പോൾ മൂന്നിരട്ടി വീര്യം ലഭിക്കും. മയക്കുമരുന്ന് കലക്കിയ മദ്യത്തിലൂടെ പന്ത്രണ്ട് മുതൽ ഇരുപത്തിരണ്ട് മണിക്കൂർ വരെ ലഹരി നിലനിർത്താൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.



സംശയം തോന്നിയ ഫാർമസിസ്റ്റ് ഫോട്ടോ അയച്ചുതന്നപ്പോഴാണ് എന്റെ പേരിലെ വ്യാജ കുറിപ്പടി ശ്രദ്ധയിൽപ്പെട്ടത്. പഴയ സീൽ കൈക്കലാക്കിയതോ, വ്യാജമായി നിർമ്മിച്ചതോ ആവാം

-ഡോ.കെ.വേണുഗോപാൽ, ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ്


വ്യാജ കുറിപ്പടികൾ സുലഭമായതോടെ സ്വയംപ്രതിരോധം തീർക്കാനുള്ള തയാറെടുപ്പിലാണ് ഫാർ‌മസിസ്റ്റുകളുടെ കൂട്ടായ്മ. ഒരു കടയിൽ ഇത്തരം മരുന്ന് ആവശ്യപ്പെട്ട് വ്യാജമെന്ന് സംശയിക്കുന്ന തരത്തിൽ ആളെത്തിയാൽ പരിസരത്തെ മറ്റ് കടകളിലേക്കും വിവരം കൈമാറണം. പൊലീസിന് ഉടൻ വിവരം കൈമാറാനുള്ള സംവിധാനം ഒരുക്കും

– സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ


Source link

Related Articles

Back to top button