LATEST NEWS

ചോദ്യപ്പേപ്പർ ചോർച്ച: എംഎസ് സൊലൂഷൻസ് സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി


കൊച്ചി ∙ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂൺ അബ്ദുൽ നാസർ ഇന്നലെ അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർന്നത്. ഇതിനെ തുടർന്ന് ഷുഹൈബിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടു പിന്നാലെ ഒളിവിൽ പോയ ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു.  ഇത് തള്ളിയതോടെയാണ്  ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു. കേസുമായി സഹകരിക്കണമെന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് മുൻപാകെ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.ചോദ്യക്കടലാസ് ചോർച്ച നടന്നിട്ടില്ലെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ മൊഴി. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നും തനിക്ക് അതിൽ പങ്കില്ലെന്നും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഷുഹൈബ് നൽകിയ ചോദ്യക്കടലാസ് യുട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അധ്യാപകരുടെ മൊഴി. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്ന വാദത്തിൽ ഷുഹൈബ് ഉറച്ചു നിൽക്കുന്നതിനിടെയാണ് ഇന്നലെ അബ്ദുൽ നാസറിന്റെ നിർണായക അറസ്റ്റുണ്ടായത്. കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.


Source link

Related Articles

Back to top button