ഇന്ത്യയെക്കാൾ പ്രതിരോധ ബഡ്‌ജറ്റ് മൂന്നിരട്ടിയാക്കി ചൈന, 40 അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകൾ പാകിസ്ഥാനും നൽകുന്നു

ന്യൂഡൽഹി: വാർഷിക പ്രതിരോധ ബഡ്‌ജറ്റിൽ 7.2 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് ചൈന. ഇതോടെ 245 ബില്യൺ ഡോളറായി രാജ്യത്തിന്റെ പ്രതിരോധ ബഡ്‌ജറ്റ് ഉയരും. കര, വായു, കടൽ, ആണവം, ബഹിരാകാശം, സൈബർ മേഖലകളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്തോ-പസഫിക് സംഘർഷം തുടങ്ങിയ മറ്റ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ചൈനുടെ നീക്കം കൂടിയാണിത്.
അതേസമയം, പ്രഖ്യാപിക്കുന്നതിനേക്കാൾ 50 ശതമാനംവരെ കൂടുതൽ ചൈന പ്രതിരോധമേഖലയിൽ ചെലവിടാറുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ ബഡ്‌ജറ്റിനേക്കാൾ മൂന്നിരട്ടിയാണ് ചൈനയുടെ ഔദ്യോഗിക ബഡ്‌ജറ്റ്. 79 ബില്യൺ ആണ് ഇന്ത്യയുടെ പ്രതിരോധ ബഡ്‌ജറ്റ്. 900 ബില്യൺ ചെലവഴിക്കുന്ന യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.
യുഎസിനെ വെല്ലുവിളിക്കുന്നതിനും തായ്‌വാനിൽ മൂന്നാംകക്ഷി ഇടപെടൽ തടയുന്നതിനും അതിർത്തി സംഘർഷങ്ങളിൽ സൈനിക ശക്തി പ്രകടിപ്പിക്കുന്നതിനുമാണ് പ്രധാനമായും ചൈനയുടെ രണ്ട് ദശലക്ഷം അംഗബലമുള്ള പീപ്പീൾസ് ലിബറേഷൻ ആർമി രൂപകൽപന ചെയ്തിരിക്കുന്നത് തന്നെ. ഇന്ത്യയുടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈന ഇതുവരെ സൈന്യത്തെ പിൻവലിക്കാത്തതും ഇതിനുദാഹരണമാണ്.
ചൈനയുടെ നീക്കങ്ങൾ കണക്കിലെടുത്ത് ഇന്ത്യ തങ്ങളുടെ പ്രതിരോധ ബഡ്‌ജറ്റ് ജിഡിപിയുടെ കുറഞ്ഞത് 2.5 ശതമാനമെങ്കിലും ഉയർത്തേണ്ടതുണ്ടെന്ന് ഉന്നത സൈനിക മേധാവി പറഞ്ഞു. നിലവിൽ ഇത് 1.9 ശതമാനമാണ്. ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാൻ ഇത് ആവശ്യമാണ്. സൈനിക ശേഷിയിൽ നിരവധി അപാകതകളുണ്ട്. അതെല്ലാം മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബള വർദ്ധനവ്, വിരമിക്കൽ ബില്ലുകൾ, പ്രവർത്തന നിലനിൽപ്പിനായുള്ള ഉയർന്ന ചെലവുകൾ എല്ലാം നികത്തി കഴിയുമ്പോൾ പ്രതിരോധ ബഡ്‌ജറ്റിൽ നിന്ന് ആകെ 25 ശതമാനം മാത്രമാണ് സൈനിക മേഖലയിൽ ആധുനികവത്‌കരണത്തിന് പ്രതിവർഷം ബാക്കിയാവുന്നത്. ഇത് യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, ഹെലികോപ്ടറുകൾ എന്നിവ മുതൽ നൂതന വ്യോമ പ്രതിരോധ മിസൈലുകൾ, ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾ, രാത്രികാല പോരാട്ടത്തിനുള്ള സംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിലെ പ്രവർത്തനശേഷിക്കുറവിന് കാരണമാകുന്നു.
1.4 ദശലക്ഷമാണ് ഇന്ത്യയുടെ സൈനികബലം. സൈനിക മേഖലയിലെ സാമ്പത്തിക ഞെരുക്കം ഏറ്റവും ബാധിക്കുന്നത് വ്യോമസേനയെയാണ്. 30 ഫൈറ്റർ സ്‌ക്വാഡ്രണുമായാണ് ഇന്ത്യൻ എയർഫോഴ്‌സ് പ്രവർത്തിക്കുന്നത്. ഓരോന്നിലും 16-18വരെ ഫൈറ്റർ ജെറ്റുകൾ മാത്രമാണുള്ളത്. നാലാം തലമുറ തേജസ് ഫൈറ്ററുകൾ നിർമിക്കാൻവരെ ഇന്ത്യ പാടുപെടുന്നു. അതേസമയം, ചൈന ആറാം തലമുറ ഫൈറ്റർ ജെറ്റുകളുടെ പ്രോട്ടോടൈപ്പ് വരെ തയ്യാറാക്കിക്കഴിഞ്ഞു. ഇതുകൂടാതെ പാകിസ്ഥാന് കുറഞ്ഞത് 40 J-35A അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകൾ നൽകാനും ഒരുങ്ങുന്നു.
Source link