‘ശരീരത്തിൽ ഇറച്ചിക്കഷ്ണങ്ങൾ കെട്ടിത്തൂക്കി നായയുടെ സീനെടുത്തു, മലയാളി ക്യാമറാമാനെ അമിതാഭ് ബച്ചൻ ചേർത്ത് നിർത്തിയത്’

മലയാള സിനിമയിൽ ഒരു കാലത്ത് സാഹസിക സീനുകൾ ചിത്രീകരിച്ച് കൈയടി നേടിയ ക്യാമറാമാനായിരുന്നു അന്തരിച്ച ജെ വില്യംസ്. സഹപ്രവർത്തകരെ അതിശയിപ്പിക്കും വിധത്തിലായിരുന്നു അദ്ദേഹം ഓരോ ഷോട്ടും എടുത്തിരുന്നത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തായിരുന്ന വില്യംസിന്റെ സിനിമാജീവിതത്തിലും ചില പ്രശ്നങ്ങൾ സംഭവിച്ചിരുന്നു. അതിനെക്കുറിച്ച് ചില കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
‘അദ്ദേഹം എന്റെ രണ്ട് ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സിനിമയില്ലാത്തപ്പോൾ എവിഎം സ്റ്റുഡിയോയുടെ മുന്നിൽ അദ്ദേഹം എപ്പോഴും ഉണ്ടാകും. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതിന് മുൻപ് ക്യാമറ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിൽ സാഹസിക രംഗങ്ങൾ ചിത്രീകരിക്കണമെങ്കിൽ എല്ലാവരും നിർദ്ദേശിക്കുന്ന പേര് അദ്ദേഹത്തിന്റേതായിരുന്നു. പഞ്ചാഗ്നി എന്ന ചിത്രത്തിന്റെ ശരിക്കുളള ക്യാമറാമാൻ ഷാജി എൻ കരുണായിരുന്നു. ആ ചിത്രത്തിൽ കഥാപാത്രത്തെ നായ ആക്രമിക്കുന്ന ഒരു രംഗമുണ്ട്. ആ സീൻ ചിത്രീകരിക്കാൻ സംവിധായകനും നിർമാതാവും വിശ്വാസത്തോടെ ഏൽപ്പിച്ചത് ജെ വില്യംസിനെയായിരുന്നു. ആ രംഗങ്ങൾ അതിമനോഹരമായിട്ടാണ് അദ്ദേഹം ചിത്രീകരിച്ചത്. തന്റെ ശരീരത്തിൽ ഇറച്ചിക്കഷ്ണങ്ങൾ കെട്ടിത്തൂക്കി ഇട്ടതിനുശേഷമാണ് രംഗങ്ങൾ ക്യാമറയിൽ പകർത്തിയത്. അദ്ദേഹത്തിന് ഒരുപാട് അഭിനന്ദനവും ലഭിച്ചു.
പടയോട്ടം എന്ന ചിത്രത്തിൽ കപ്പലിൽ വച്ചെടുത്ത ചില സീനുകളും അത്ഭുതത്തോടെയാണ് ഇന്നും പ്രേക്ഷകർ കാണുന്നത്. അതിൽ കപ്പലിന്റെ പുക കുഴലിലൂടെ തൂങ്ങിയിറങ്ങിയാണ് സീനെടുത്തത്. പല സീനുകൾ എടുക്കുമ്പോഴും വില്യംസിന് പരിക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ക്യാമറയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകാറില്ല. അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചില പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നം ഉണ്ടാക്കാൻ മുന്നിൽ എത്തുന്നവർ എത്ര വലിയവനാണെങ്കിൽ അദ്ദേഹം വക വച്ച് കൊടുത്തിരുന്നില്ല. അങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹം മൈൻഡ് ചെയ്യാറില്ല. വില്യംസ് ഒരു പാവമാണെന്ന് ആർക്കും അറിയില്ലായിരുന്നു. അത് മനസിലാക്കിയവർ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുക്കാറുണ്ട്.
കമലഹാസനും സെറീന വഹാബും അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം മദനോത്സവം വൻ വിജയമായിരുന്നു. അതിന്റെ ക്യാമറാമാൻ അദ്ദേഹമായിരുന്നു. അതോടെ വില്യംസിന് തെലുങ്കിൽ എൻ ടി രാമറാവു നായകനായ സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അഡ്വാൻസും വാങ്ങി. പിന്നാലെ കൂടുതൽ തെലുങ്ക് ചിത്രങ്ങളും അദ്ദേഹത്തെ തേടി വന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് എൻടി രാമറാവുവും സെറ്റിലെത്തി. ആരും ശബ്ദമുണ്ടാക്കാതെ നിന്നു. എല്ലാവരും അദ്ദേഹത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും അച്ചടക്കത്തോടെ നിൽക്കുകയും ചെയ്തു. അപ്പോൾ വില്യംസ് ഒരു ക്യാമറയുടെ പിറകിൽ പുകവലിച്ച് നിൽക്കുകയായിരുന്നു. അത് എൻടിആർ കണ്ടു. അതോടെ വില്യംസിന് സിനിമയിൽ പ്രവർത്തിക്കാനുളള അവസരം നഷ്ടപ്പെട്ടു. ബാക്കി തെലുങ്ക് സിനിമകളും നഷ്ടപ്പെട്ടു. വില്യംസ് ഒരു ചെയിൻ സ്‌മോക്കറായിരുന്നു.
മലയാളത്തിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് മോഹൻലാലിനോടായിരുന്നു. മോഹൻലാൽ ഡേറ്റുകൾ കൊടുത്ത് വില്യംസിനെ സഹായിച്ചിട്ടുണ്ട്. ലാൽ ചിത്രങ്ങളായ സ്ഫടികത്തിലും ദൗത്യത്തിലുമുളള ചില റിസ്‌ക് ഷോട്ടുകൾ എടുത്തത് അദ്ദേഹമായിരുന്നു. ദൗത്യത്തിൽ മോഹൻലാൽ വലിയൊരു കുന്നിൽ കയറിലൂടെ കയറുന്ന സീനുണ്ട്. വില്യംസ് കയറിൽ പിടിച്ച് കയറിയാണ് സീനെടുത്തത്. അതിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.
അതുപോലെ അമിതാഭ് ബച്ചൻ നായകനായ മഹാൻ എന്ന ചിത്രത്തിൽ കുറച്ച് നാൾ വില്യംസ് പ്രവർത്തിച്ചിട്ടുണ്ട്. സെറ്റിലെത്തിയ അമിതാഭ് ബച്ചൻ മേക്കപ്പിട്ട് വന്നുനിന്നപ്പോൾ വില്യംസ് ഇനിയും ലൈറ്റിംഗ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു. അതുകേട്ട് എല്ലാവരും അതിശയിച്ചു. അമിതാഭ് ബച്ചൻ കണ്ണാടി വച്ചതുകൊണ്ട് ലൈറ്റിംഗ് ഇനിയും മാറ്റണമെന്ന് പറഞ്ഞ്. ഇത് കേട്ട അമിതാഭ് ബച്ചൻ സന്തോഷത്തോടെ വില്യംസിനെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ശാന്തി നടിയാണ്. അന്യൻ എന്ന ചിത്രത്തിൽ വിക്രമിന്റെ അമ്മയായി അഭിനയിച്ചത് അവരായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ തുണയായി എത്തിയത് നിർമാതാവ് ജി സുരേഷ്‌കുമാറായിരുന്നു’- അഷ്‌റഫ് പറഞ്ഞു.
Source link