പിതാവിനെ കുത്തിക്കൊന്ന് കടന്നുകളയാൻ ശ്രമിച്ചു; ഫോൺവിളി കെണിയായി, യുവാവിനെ കുടുക്കി ഓട്ടോ ഡ്രൈവർ

ചെന്നൈ ∙ പിതാവിനെ കുത്തിക്കൊന്ന ശേഷം ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ച യുവാവ് ഫോണിലൂടെ നടത്തിയ കുറ്റസമ്മതം കേട്ട ഡ്രൈവർ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എൻജിനീയറിങ്ങിൽ സ്വർണ മെഡൽ ജേതാവായ ആദിത്യ നാരായണനാണ് (28) പിതാവ് മുരളീധരനെ (66) കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മാലിക്കിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാൾ പിടിയിലായത്.ആദിത്യ നാരായണൻ പണം ആവശ്യപ്പെട്ട് പിതാവുമായി പതിവായി വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെ പിതാവിനെ മർദിച്ച് കഴുത്തിൽ കുത്തിയ ശേഷം മാനസിക വൈകല്യമുള്ള മാതാവുമായി ഓട്ടോയിൽ അണ്ണാശാലയിലേക്കു പോയി. പോകുംവഴി മൂത്ത സഹോദരൻ പ്രസന്ന വെങ്കിടേഷിനെ ഫോണിൽ വിളിച്ചു വിവരം പറയുന്നത് കേട്ട ഓട്ടോ ഡ്രൈവർ യുവാവിനെ ട്രിപ്ലിക്കേനിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ, യുവാവിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോൾ വാതിൽ സൈക്കിൾ ലോക്ക് ഉപയോഗിച്ച് പൂട്ടിയതായി കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് മരിച്ചു.
Source link