പ്രതിഷേധ കടലായി പട്ടികജാതി/പട്ടിക വർഗ്ഗ മാർച്ച്

തിരുവനന്തപുരം: ജാതി സംവരണം നടപ്പാക്കുക,എയ്ഡഡ്-സ്വകാര്യ-താത്കാലിക നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുക തുടങ്ങിയവയുന്നയിച്ച് പട്ടികജാതി/പട്ടികവർഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് പ്രതിഷേധ കടലായി. ഉച്ചയ്ക്ക് 12ഓടെ മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
കെ.പി.എം.എസ്. കെ.എസ്.എസ്,കെ.ടി.എം.എസ്. എ.കെ.പി.എസ്,കെ.എസ്.എസ്.എസ്, കെ.എസ്.ഡബ്ലിയു.എസ് എന്നീ സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പിന്നാക്ക സംവരണത്തിൽ ഉപസംവരണം നടപ്പാക്കരുത്,ഉന്നത വിദ്യാഭ്യാസ രംഗത്തെ ക്രീമിലെയർ ഉപേക്ഷിക്കുക,ഗ്രാൻഡുകൾ വിതരണം ചെയ്യുക തുടങ്ങിയവ ഉന്നയിച്ചാണ് മാർച്ചും സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണയും നടത്തിയത്. പ്രതിഷേധ ധർണ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടത്തുന്ന നിയമനങ്ങളിൽ സംവരണം ഉറപ്പാക്കുന്നതിൽ കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ഇതിനെതിരേ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എം.എസ് പ്രസിഡന്റ് ഡോ.സി.കെ.സുരേന്ദ്രനാഥ്,കെ.ടി.എം.എസ് പ്രസിഡന്റ് ഡോ.പി.പ്രേമചന്ദ്രൻ,എ.കെ.പി.എസ് പ്രസിഡന്റ് പി.എൻ.സുകുമാരൻ,കെ.എസ്.എസ് പ്രസിഡന്റ് കറുപ്പയ്യ,കെ.എസ്.എസ്.എസ് പ്രസിഡന്റ് പി.വേണുഗോപാൽ,കെ.എസ്.ഡബ്ലിയു.എസ് ജനറൽ സെക്രട്ടറി എസ്.അജയൻ,എൻ.വിജയൻ,സുനിൽ വലഞ്ചുഴി,കെ.സോമരാജൻ,ജി. സുരേന്ദ്രൻ,വരദരാജൻ തുടങ്ങിയവർ സംസാരിച്ചു.
Source link