KERALAMLATEST NEWS

ചോദ്യപേപ്പർ ചോർച്ച: അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ കോഴിക്കോട്ടെ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോർത്തിക്കൊടുത്ത കേസിൽ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളായ മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ മലപ്പുറം രാമപുരം സ്വദേശി അബ്ദുൾ നാസറിനെ ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എം.എസ്. സൊല്യൂഷൻസിലെ അദ്ധ്യാപകൻ മലപ്പുറം ഹാജിയാർപള്ളി തുമ്പത്ത് വീട്ടിൽ ടി. ഫഹദിന് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രെെംബ്രാഞ്ച് എസ്.പി മൊയ്തീൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

അബ്‌ദുൾനാസർ ജോലി ചെയ്യുന്ന സ്‌കൂളിൽ ഫഹദ് വർഷങ്ങളോളം അദ്ധ്യാപകനായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായത്. ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ അബ്‌ദുൾനാസറിന്റെ ബന്ധത്തെക്കുറിച്ചറിഞ്ഞത്. ഫഹദിനൊപ്പം എം.എസ് സൊല്യൂഷൻസിലെ മറ്റൊരു അദ്ധ്യാപകൻ കോഴിക്കോട് പുതിയങ്ങാടി ചാപ്പംകണ്ടി സി.കെ. ജിഷ്ണുവും പിടിയിലായിരുന്നു.

പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളാണ് ചോർത്തിയത്.

കഴിഞ്ഞ മാസം 10നാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് അറസ്റ്റിലായ എം.എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരായ ഫഹദിനെയും സി.കെ. ജിഷ്ണുവിനെയും ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്രെെംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇവർ നൽകിയ ചോദ്യപേപ്പറുകളാണ് എം.എസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. ഫെബ്രുവരി 22ന് ക്രെെംബ്രാഞ്ചിന് മുമ്പാകെ ഷുഹെെബ് സ്വമേധയാ ഹാജരായിരുന്നു. ഷുഹെെബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളതിനാൽ തത്കാലം അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ട്.

ചോർത്തിയത് ഇങ്ങനെ

പാക്ക് ചെയ്ത സീൽഡ് കവറിന്റെ പുറകുവശം മുറിച്ച് ചോദ്യക്കടലാസ് പുറത്തെടുത്തു. തുടർന്ന് തൻ്റെ ഫോണിൽ ഫോട്ടോ എടുത്ത് ഫഹദിന് അയച്ചുകൊടുത്തു. തുടർന്ന് ചോദക്കടലാസ് കവറിൽ തിരികെ വച്ചശേഷം പഴയതുപോലെ ഒട്ടിച്ചുവച്ചു. സ്കൂളധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇതെല്ലാം ചെയ്തത്. സംഭവത്തെപ്പറ്റി സ്കൂളധികൃതർ അറിഞ്ഞിരുന്നില്ല. അബ്ദുൾനാസറിന്റെ ഫോൺ പരിശോധിച്ച ക്രെെംബ്രാഞ്ച് ഇയാൾ ഫഹദിനയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഫഹദിന്റെ ഫോണിൽ നാസറുമായുള്ള ചാറ്റുകൾ ഫോർമാറ്റ് ചെയ്തെന്നും കണ്ടെത്തി. .


Source link

Related Articles

Back to top button