റാഗിംഗ് നിരോധന നിയമ ഭേദഗതിക്ക് ഹൈക്കോടതി

കൊച്ചി: റാഗിംഗ് നിരോധന നിയമത്തിന് അനുസൃതമായ ചട്ടങ്ങൾ സർക്കാർ രൂപീകരിക്കാത്തത് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസമായെന്ന് ഹൈക്കോടതി. ചട്ടങ്ങൾ രൂപീകരിക്കാനും 27 വർഷം മുമ്പു നിലവിൽ വന്ന നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണോ എന്ന് നിർദ്ദേശിക്കാനും സർക്കാർ ഉടൻ കർമ്മ സമിതി രൂപീകരിക്കണം. കർമ്മ സമിതിയുടെ വിവരങ്ങൾ 19ന് ഹർജി പരിഗണിക്കുമ്പോൾ സമർപ്പിക്കണം.
റാഗിംഗ് കേസുകൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യസിറ്റിംഗിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ ഈ നിർദ്ദേശം നൽകിയത്.
വിവിധ മേഖലകളിൽ നിന്നുള്ളവരെ സമിതിയിലുൾപ്പെടുത്തണം. വ്യക്തികളിൽ നിന്നും എൻ.ജി.ഒകളിൽ നിന്നും അഭിപ്രായം സ്വരൂപിക്കണം.
ക്രൂര കുറ്റകൃത്യങ്ങളിലേക്ക് റാഗിംഗ് വഴിമാറുന്നത് ബന്ധപ്പെട്ട വ്യക്തികളെയും വിദ്യാലയത്തെയും മാത്രമല്ല സമൂഹത്തെയാകെ ബാധിക്കുകയാണെന്ന് പറഞ്ഞ കോടതി, നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും വിലയിരുത്തി.
1998ലെ റാംഗിംഗ് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്നും മേൽനോട്ട സമിതികൾ രൂപീകരിക്കണമെന്നുമാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിട്ടി (കെൽസ) സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് പരിഗണിക്കുന്നത്. യു.ജി.സിയെ കക്ഷിചേർത്തു. റാഗിംഗിനിരയായി മകളെ നഷ്ടപ്പെട്ട സി.എൽ. ആന്റോ കക്ഷിചേരാൻ അനുമതി തേടിയിട്ടുണ്ട്.
മേൽനോട്ട സമിതികൾ ഉണ്ടോ?
റാഗിംഗ് തടയാൻ സംസ്ഥാനതല സെല്ലും ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ജില്ലാതല മോണിട്ടറിംഗ് സമിതിയും രൂപീകരിക്കണമെന്ന് യു.ജി.സി നിർദ്ദേശിച്ചിരുന്നു. ഇവ രൂപീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ പ്രവർത്തനം വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കണം.
മേൽനോട്ട സമിതികളുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനം ക്രോഡീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് നൽകണം. കമ്മിറ്റികൾ ഇല്ലെങ്കിൽ രൂപീകരിക്കാനുള്ള സമയപരിധി അറിയിക്കണം.
2020ൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിട്ടതനുസരിച്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ ‘കെയർ’ ആന്റി റാഗിംഗ് സെൽ രൂപീകരിച്ചിട്ടുണ്ടോ?.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുപുറമേ, കേരളത്തിലെ സർവകലാശാലകളിൽ രൂപീകരിച്ച മേൽനോട്ട സമിതികളുടെ വിവരങ്ങളും അറിയിക്കണം.
`റാഗിംഗിന്റെ പേരിലുള്ള ക്രൂരത വർദ്ധിക്കുകയാണ്. വാക്കാലുള്ള അധിക്ഷേപം മുതൽ മരണകാരണമാകുന്ന ക്രൂരതവരെ ഉണ്ടാകുന്നു. പലതും സമൂഹത്തെയാകെ വിഷമിപ്പിക്കുന്നതാണ്. നിയന്ത്രിക്കാൻ സർക്കാർ മുഖ്യപങ്ക് വഹിക്കണം.’
– ഹൈക്കോടതി
Source link