‘കൈവിട്ടുപോയ സ്വത്ത്’ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ‘വിധി’ അനുകൂലം

ന്യൂഡൽഹി ∙ പാർട്ടിയിലെ പിളർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് കൈമോശം വന്ന വസ്തുവകകൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു. ബെംഗളൂരു റേസ് കോഴ്സ് റോഡിലെ 49,770 ചതുരശ്ര അടി മന്ദിരം ജെഡിഎസിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിച്ച 2014–ലെ സുപ്രീം കോടതി ഉത്തരവ് ആയുധമാക്കി ഇക്കാര്യത്തിൽ ശക്തമായ നിയമപോരാട്ടത്തിനാണ് പാർട്ടി തീരുമാനം.വിധി വന്നു 10 വർഷത്തിനു ശേഷമാണ് ഫലപ്രദമായ ഇടപെടലുകൾക്ക് പാർട്ടി തയാറെടുക്കുന്നത്. പാർട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ ‘ഇന്ദിരാഭവന്റെ’ ഉദ്ഘാടന വേദിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു.1969–ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനു മുൻപ് പാർട്ടിയുടെ ഉടമസ്ഥതയിൽ ഡൽഹിയിൽ ഉൾപ്പെടെ ഉണ്ടായിരുന്ന ഒട്ടേറെ സ്വത്തുവകകൾ നിയമവ്യവഹാരത്തിന് വിധേയമായിരുന്നുവെന്നു കോൺഗ്രസ് സൂചിപ്പിച്ചു.പിളർപ്പിനു മുൻപു കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന എല്ലാ വസ്തുക്കളും പാർട്ടിയുടേതാണെന്നു വ്യക്തമാകുന്ന വിധിയായിരുന്നു 2014ലേതെന്നും അതിന്റെ അടിസ്ഥാനത്തിൽ സ്വത്തുവകകൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശും വ്യക്തമാക്കി.സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമെന്ന നിലയിൽ ചരിത്രമായി മാറിയ ജന്തർ മന്തർ റോഡിലെ 7–ാം നമ്പർ ബംഗ്ലാവും തിരിച്ചുപിടിക്കേണ്ടവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവഗണനയെ തുടർന്ന് പഴഞ്ചനായി മാറിയ ഈ മന്ദിരത്തിൽ നിലവിൽ ജെഡിയുവിന്റെ ഓഫിസും ഒരു ധാബ ഉൾപ്പെടെ ചെറിയ സ്വകാര്യ സംരംഭങ്ങളുമാണ് പ്രവർത്തിക്കുന്നത്. 1947–ൽ ഏഴു ലക്ഷത്തോളം രൂപ ചെലവിട്ടാണ് അലഹാബാദ് മന്ദിരത്തിൽ നിന്ന് കോൺഗ്രസ് ഇവിടേക്ക് ഓഫിസ് മാറ്റിയത്.
Source link