‘ഫേഷ്യലും ബ്ലീച്ചും ചെയ്യാൻ സംവിധായകൻ പറഞ്ഞു, മോഹൻലാൽ ചിത്രത്തിൽ അവസരം നഷ്ടപ്പെട്ടത് നിറമില്ലാത്തതുകൊണ്ട്’

കുക്കറി ഷോകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സരിത ബാലകൃഷ്ണൻ. സീരിയലുകളിൽ കൂടുതലും വില്ലത്തി വേഷങ്ങളാണ് സരിത ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കണമെന്ന മോഹം ഇല്ലാതായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സരിത. മലയാളത്തിലെ പ്രമുഖ സംവിധായകൻ അപമാനിച്ചതിനെക്കുറിച്ചും അവർ വെളിപ്പെടുത്തി. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സരിത ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘ഞാൻ ചെറിയ പ്രായത്തിലേ അഭിനയരംഗത്തെത്തിയതാണ്. അപ്പോൾ മോഹൻലാൽ നായകനാകുന്ന ഒരു ചിത്രത്തിൽ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാൻ കുട്ടിയെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഞാൻ അന്ന് പുതുമുഖമായിരുന്നു. കുറച്ചാളുകൾ എന്നെക്കുറിച്ച് സംവിധായകനോട് പറഞ്ഞു. അങ്ങനെ സംവിധായകനെ കാണാൻ പോയി. ഞാൻ നന്നായി ഒരുങ്ങിയിട്ടാണ് പോയത്. സംവിധായകൻ കുറേ നേരം എന്നെ നോക്കി. ലാലേട്ടന്റെ അനിയത്തിയാകാൻ പറ്റിയ ഒരു നടിയെയാണ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നോട് തിരികെ പോയി ഫേഷ്യലും ബ്ലീച്ചുമൊക്കെ ചെയ്ത് കുറച്ച് നിറം വച്ചിട്ട് വരാൻ സംവിധായകൻ പറഞ്ഞു. അതെനിക്ക് ഭയങ്കര വിഷമമായി. എനിക്ക് നിറം ഉണ്ട്. എന്നിട്ടും അദ്ദേഹം എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. അതോടെ എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ ഇത്രയും നിറം മതിയാവില്ലെന്ന ചിന്തയായി. ആ സിനിമയിൽ എനിക്ക് പകരം മറ്റൊരാളെ അഭിനയിപ്പിച്ചു. അത് കണ്ടപ്പോൾ വലിയ സങ്കടമായി.അതോടെ സിനിമയോടുളള ഒരു ഇഷ്ടം നഷ്ടപ്പെട്ടു. ഇപ്പോൾ കൂടുതലും സീരിയലുകളാണ് ചെയ്യുന്നത്’- സരിത പറഞ്ഞു.
Source link