സിനിമാ സമരം ഒരാഴ്ചയ്ക്കുളളിൽ ഒത്തുതീർപ്പാക്കും; വിവാദ പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി: സിനിമാ സമരം ഒരാഴ്ചയ്ക്കുളളിൽ പരിഹരിക്കുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് ബി ആർ ജേക്കബ്. നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാൻ റിലീസ് ചെയ്യുന്ന മാർച്ച് 27ന് നടത്താനിരുന്ന സൂചനാ പണിമുടക്കെന്ന വാർത്ത തെറ്റാണെന്നും ജേക്കബ് വ്യക്തമാക്കി. എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചുളള പരാമർശമാണ് വേദനിപ്പിച്ചതെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റണി പെരുമ്പാവൂരും നിർമാതാവ് ജി സുരേഷ്‌കുമാറും തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാനുളള നീക്കങ്ങൾ ഫിലിം ചേമ്പറിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് ജേക്കബ് പറഞ്ഞു. അതിനിടയിൽ വിവാദത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചിട്ടുണ്ട്. നിർമാതാക്കളുടെ സംഘടനയുമായി ആലോചിച്ചതിനുശേഷമാണ് പോസ്റ്റിട്ടതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.
സിനിമകളുടെ നിർമാണച്ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ സിനിമാമേഖലയിൽ ജൂണിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിന് മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട സുരേഷ്കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു.
എന്നാൽ ഫിലിം ചേംബർ, നിർമാതാക്കൾക്കും സിനിമാ സമരത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ചേമ്പറിലെ അംഗം കൂടിയായ ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തിരുന്നു. സംഘടനയെ വിമർശിക്കുന്ന ആന്റണിയുടെ പോസ്റ്റ് നീക്കണമെന്നും ഇല്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു.
Source link