INDIA

15 ദിവസത്തിനിടെ 4 ദുബായ് യാത്ര; എല്ലാതവണയും ഒരേവസ്ത്രം, സ്വർണക്കടത്ത് കേസിൽ നടി പിടിയിലായത് ഏറെക്കാലത്തെ നിരീക്ഷണത്തിനു ശേഷം


ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത് ഏറെക്കാലത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആർഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ് ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. കൂടാതെ, നടിയുടെ സ്വർണക്കടത്തിനെ കുറിച്ച് ഡിആർഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദുബായിൽനിന്നെത്തിയ നടിയെ സ്വർണവുമായി പിടികൂടുന്നത്. തിങ്കളാഴ്ച ദുബായിൽനിന്നു ബെംഗളൂരൂ വിമാനത്താവളത്തിലെത്തിയ രന്യ സുരക്ഷാപരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങാൻ തുടങ്ങുന്നതിനിടെയാണു ഡിആർഐ സംഘം പിടികൂടുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ അണിഞ്ഞിരുന്ന 800 ഗ്രാം സ്വർണവും ഡിആർഐ സംഘം നടിയിൽനിന്നു പിടികൂടി. ഇതിനു 12.56 കോടി രൂപ വിലവരുമെന്നു അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിൽനിന്നു സ്വർണം പിടികൂടിയതിനു പിന്നാലെ നടിയുടെ ബെഗളൂരുവിലെ വസതിയിലും ഡിആർഐ സംഘം പരിശോധന നടത്തി. ഭർത്താവിനൊപ്പം രന്യ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും കണ്ടെടുത്തു. ‌രന്യ റാവു പിതാവിന്റെ ഔദ്യോഗിക പദവി കള്ളക്കടത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായും റിപ്പോർട്ടുണ്ട്. രന്യയുടെ പിതാവ് കെ.രാമചന്ദ്രൻ കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമാണ്. ഡിജിപിയുടെ മകളാണെന്നത് പലപ്പോഴും സുരക്ഷാപരിശോധന ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടെർമിനലിൽ സുരക്ഷ അകമ്പടി ലഭിക്കാനും ശരീരപരിശോധനയിൽനിന്നു ഒഴിവാകാനും പിതാവിന്റെ പദവി സഹായിച്ചിട്ടുണ്ട്. പലപ്പോഴും വിമാനത്താവളത്തിൽനിന്നു സർക്കാർ വാഹനങ്ങളിലാണ് നടി മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. 


Source link

Related Articles

Back to top button