മഹാരാഷ്ട്ര മന്ത്രി യുവതിക്ക് നഗ്നചിത്രങ്ങൾ അയച്ചെന്ന് ആരോപണം; രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

മുംബൈ ∙ യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ച ആരോപണത്തിനു പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ജയ്കുമാർ ഗോരെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്നായിരുന്നു വട്ടേറ്റിവറിന്റെ ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവുത്ത് എംപിയാണ് ജയ്കുമാറിന്റെ പേര് പരാമര്‍ശിച്ച് ആരോപണം ഉന്നയിച്ചത്. പുണെയിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ 26കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തോട് ചേര്‍ത്താണ് മന്ത്രിക്കെതിരെ സഞ്ജയ് റാവുത്തിന്റെ ആരോപണം. മന്ത്രി ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന വിവരം പുറത്തുവരുന്നു. അവര്‍ അടുത്ത ദിവസം തന്നെ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്നുമായിരുന്നു സഞ്ജയ് റാവുത്ത് പറഞ്ഞത്. മന്ത്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രിയപ്പെട്ടവനാണെന്നും റാവുത്ത് ആരോപിച്ചു.അതേസമയം, 2019ല്‍ തന്നെ കുറ്റവിമുക്തനാക്കിയ കേസിലാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നാണ് ജയ്കുമാർ ഗോരെ പറയുന്നത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ അവകാശലംഘനത്തിനു നോട്ടിസ് നല്‍കുമെന്നും മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്നും ഗോരെ പറഞ്ഞു. ബീഡില്‍ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെ തുടർന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിനു പിന്നാലെയാണ് മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം ഉയരുന്നത്.
Source link