KERALAMLATEST NEWS

കെഎസ്‌ആർടിസി ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് കാരണമുണ്ട്; പ്രതി പറഞ്ഞത്

തിരുവല്ല: യുവാവ് കെ എസ് ആർ ടി സി ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടിൽ ജെബിനെ (34) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നു.

നാട്ടിലേക്കുള്ള അവസാന ബസും സ്റ്റാൻഡ് വിട്ടിരുന്നുവെന്നും ഓട്ടോക്കൂലി കൊടുക്കാൻ കൈയിൽ കാശില്ലായിരുന്നുവെന്നും പ്രതി പറഞ്ഞു. പ്രതിക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇനി നാട്ടിലേക്ക് ബസുണ്ടോയെന്ന് പലവട്ടം തിരക്കി. പുലർച്ചെ 5.45ന് പുറപ്പെടേണ്ട ബസ് രാത്രി പത്ത് മണിയോടെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്നു.

ബസ് കഴുകിയ ശേഷം ജീവനക്കാർ പോയ തക്കത്തിനാണ് ഇയാൾ ബസിൽ കയറിയത്. താക്കോൽ ബസിൽ ഉണ്ടായിരുന്നു. ജെബിൻ ബസ് സ്റ്റാർട്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തി. ഈ സമയം സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസ് തടഞ്ഞ് താക്കോൽ ഊരിയെടുത്തു.

ഏറെ പണിപ്പെട്ടാണ് ഇയാളെ ബസിൽ നിന്നും പുറത്തിറക്കിയത്. സംഭവം അറിഞ്ഞെത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ് അഷാദ്, സി.ഐ വി.കെ. സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ജെബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കീഴ് വായ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button