വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ; അമ്മയെ രണ്ടാം പ്രതിയാക്കും, അച്ഛൻ മൂന്നാം പ്രതിയും

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടിയുടെ അമ്മയെയും ഇളയ പെൺകുട്ടിയുടെ അച്ഛനെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള ഒമ്പത് കേസുകളിൽ ആറ് എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു.
മൂന്ന് കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും പരിഗണിക്കും. മക്കളുടെ മുന്നിൽ വച്ച് ഒന്നാം പ്രതിയുമായി കുട്ടികളുടെ അമ്മ ലെെംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലെെംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണസംഘം വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. ആത്മഹത്യ പ്രേരണാകുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്.
2017 ജനുവരി 13ന് ആണ് വാളയാറിൽ മൂത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികൾക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനവും ചെയ‌്തിരുന്നു. പിന്നാലെയാണ് സിബിഐയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ.
Source link