കെ.എസ്.ആർ.ടി.സിയിൽ ഇനി ഒന്നാം തിയതി ശമ്പളം

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തിയതി ശമ്പളം നൽകുന്നതിന് സംവിധാനമൊരുങ്ങി. എസ്.ബി.ഐയിൽ നിന്ന് 10.8% പലിശക്ക് 100 കോടി ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളത്തിനായി പണം കണ്ടെത്തുക.
എല്ലാം മാസവും ഓവർഡ്രാഫ്റ്റ് തുടരും. എസ്.ബി.ഐ അധികൃതരുമായി മന്ത്രി കെ.ബി ഗണേശ്കുമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെബ്രുവരിയിലെ ശമ്പളം ഇന്നലെ അക്കൗണ്ടുകളിലെത്തിക്കാൻ നടപടിയെടുത്തതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.മാർച്ചിലെ ശമ്പളം ഏപ്രിൽ ഒന്നിന് ലഭിക്കും. 2021 ജൂണിലെ ശമ്പളം 2021 ജൂലായ് രണ്ടിന് ഒരുമിച്ച് കൊടുത്തതിനു ശേഷം ഇതാദ്യമായാണ് ഒന്നാം തീയതി ശമ്പളത്തിന് വഴിയൊരുങ്ങുന്നത്.
വരുമാനമെല്ലാം ഒറ്റ
അക്കൗണ്ടിലേക്ക്
കെ.എസ്.ആർ.ടി.സിക്ക് 148 ഓളം ബാങ്ക് അക്കൗണ്ടുകളാണുണ്ടായിരുന്നത്. ഇതെല്ലാം അവസാനിപ്പിച്ച് പകരം ഇനി എസ്.ബി.ഐയിൽ ഒറ്റ അക്കൗണ്ട് മാത്രമാകും. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ടിക്കറ്റ് കളക്ഷനിൽ 119 കോടി രൂപ ഒഴികെ ബാക്കിയെല്ലാം ഈ അക്കൗണ്ടിലേക്ക് അടയ്ക്കാനാണ് നിർദേശം. പ്രതിദിനം ഒൻപത് കോടി വരെയെത്തിയ കളക്ഷൻ പരീക്ഷക്കാലമായതിനാൽ ഇപ്പോൾ 6.5 കോടിയാണ്.കളക്ഷൻ ദിവസവും രാവിലെ 10.30 നും വൈകിട്ട് 3.30 നും ബാങ്ക് അക്കൗണ്ടിൽ അടയ്ക്കും. പരസ്യം, കൊറിയർ, വാടക അടക്കം മറ്റ് വരുമാനങ്ങളെല്ലാം ഈ അക്കൗണ്ടിലേക്ക് അടയ്ക്കും. ഇതിൽ നിന്നാണ് ഓവർഡ്രാഫ്റ്റ് തിരിച്ചടക്കുക.എല്ലാ മാസവും 20 നുള്ളിൽ രണ്ട് ഗഡുക്കളായി 50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ധനസനസഹായമായി നൽകുന്നുണ്ട്. ഈ തുകയും ഓവർട്രാഫ്റ്റ് തീർക്കാനായി വിനിയോഗിക്കും. സ്‌പെയർ പാർട്സ്, ഇന്ധനം എന്നിവയടക്കം മറ്റ് ചെലവുകൾ ഈ അക്കൗണ്ടിൽ നിന്നായിരിക്കും.
”കടം വാങ്ങിയാണ് ശമ്പളം നൽകുന്നത്. കൈയ്യടി വാങ്ങാനല്ല. തിരിച്ചടയ്ക്കാനുള്ള ചുമതല സർക്കാരിനുണ്ട്.. കെ.എസ്.ആർ.ടി.സിയിലെ ശമ്പളം ഒന്നാം തീയതി നൽകണമെന്ന് ഞാൻ ചുമതലയേറ്റ ഘട്ടത്തിൽ മുഖ്യമന്ത്രി തന്നോട് പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് നിറവേറ്റുന്നത്. ‘
‘- കെ.ബി.ഗണേശ്‌കുമാർ,
ഗതാഗതമന്ത്രി
143 പുതിയ ബസുകൾ വാങ്ങും: മന്ത്രി ഗണേശ്
തിരുവനന്തപുരം: ഗ്രാമീണ, ദീർഘദൂര സർവീസുകൾക്കായി കെ.എസ്.ആർ.ടി.സി 143 ബസുകൾ വാങ്ങുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ. ബഡ്ജറ്റിൽ അനുവദിച്ച 107 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഏപ്രിൽ ആദ്യം തുക റിലീസ് ചെയ്യാമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമീണ റൂട്ടുകൾക്കായി 27 ചെറിയ ബസുകൾ വാങ്ങും. കൂടാതെ ഒമ്പത് മീറ്റർ നീളമുള്ള 10 ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. 60 സൂപ്പർഫാസ്റ്റുകൾക്കും 20 ഫാസ്റ്റ് പാസഞ്ചറുകൾക്കും എട്ട് എ.സി സ്ലീപ്പറുകൾക്കും 10 സ്ലീപ്പർ കം സീറ്ററുകൾക്കും എട്ട് സെമി സ്ലീപ്പറുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. നിലവിലുള്ള 24 എ.സി ലോ ഫ്ളോർ ബസുകളെ ഗ്യാരേജിലേക്ക് തിരിച്ചുവിളിക്കും. ഇവ അറ്റകുറ്റപ്പണി ചെയ്ത് നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
Source link