CINEMA

15 ദിവസത്തിൽ 4 ദുബായ് ട്രിപ്പ്; സ്വർണക്കടത്തിന് അകത്തായി കന്നഡ നടി

വിമാനത്താവളം വഴി സ്വര്‍ണം കടത്തി പിടിയിലായ കന്നഡ നടി രന്യ റാവുവിനെ ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കുടുക്കിയത് കഴിഞ്ഞ കുറച്ചുകാലത്തെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍. നടിയും ഐപിഎസ് ഓഫീസറുടെ മകളുമായ രന്യ ബെംഗളൂരു വിമാനത്താവളത്തിലാണ് ചൊവ്വാഴ്ച പിടിയിലായത്. ബ്ലാക് മെയിലിങ് ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്നാണ് നടി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
800 ഗ്രാം ആഭരണങ്ങളും 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിച്ചതിനുമാണ് രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. താരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രന്യയുടെ വീട്ടിലും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് 2.67 കോടി രൂപയും 2.06 കോടിയുടെ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ രന്യ വിദേശത്തേക്ക് പത്തിലധികം യാത്രകള്‍ നടത്തിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. 15 ദിവസത്തിനിടെ നാലു ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം. 

ഇതിനിടെ വിമാനത്തവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം. ടെര്‍മിനലില്‍ ബസവരാജു എന്ന പോലീസ് കോണ്‍സ്റ്റബിള്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളെയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കര്‍ണാടക പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപി ആയിട്ടുള്ള രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. നാലു മാസം മുമ്പ് വിവാഹിതയായ ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. രന്യ തങ്ങളെ നിരാശപ്പെടുത്തിയെന്നും വിവാഹശേഷം രന്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു മാസം മുമ്പാണ് രന്യ ജതിന്‍ ഹുക്കേരിയെ വിവാഹം കഴിച്ചത്. അതിന് ശേഷം മകൾ തങ്ങളെ കാണാന്‍ വന്നിട്ടില്ല. മകളുടെയോ ഭര്‍ത്താവിന്റെയോ ബിസിനസ് ഇടപാടുകളെ കുറിച്ച് അറിയില്ല. വാര്‍ത്ത വലിയ ഞെട്ടലും നിരാശയും ഉണ്ടാക്കി. രന്യ നിരാശപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം മകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് രാമചന്ദ്ര റാവുവിന്റെ പ്രതികരണം.
വിമാനത്താവളത്തില്‍ വച്ച് പിടിക്കപ്പെട്ടപ്പോൾ രന്യ റാവു താന്‍ ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ അവരെ മറയാക്കി രന്യ കള്ളക്കടത്ത് നടത്തുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

English Summary:
The actress Ranya Rao stated that she was assigned to gold smuggling through blackmail; gold and money were found at her house.


Source link

Related Articles

Back to top button