വയനാട് തുരങ്കപ്പാത നിർമ്മാണം ഈ വർഷം

പി.എച്ച്. സനൽകുമാർ / പ്രദീപ് മാനന്തവാടി | Wednesday 05 March, 2025 | 12:50 AM
തിരുവനന്തപുരം/കൽപ്പറ്റ: കോഴിക്കോട്- വയനാട് തുരങ്കപ്പാത നിർമ്മാണത്തിന് ഉപാധികളോടെ പാരിസ്ഥിതിക അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത വിദഗ്ദ്ധ സമിതി ശുപാർശ. ഇതോടെ തുരങ്കപ്പാത നിർമ്മാണത്തിനുള്ള അവസാന കടമ്പയും കടന്നു. സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ ഈ വർഷംതന്നെ നിർമ്മാണം തുടങ്ങും.
നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ ആരംഭിച്ച് വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെയാണ് തുരങ്കപ്പാത.
കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതിയും സംസ്ഥാന നിയമ, ധനവകുപ്പുകളുടെ സാങ്കേതികാനുമതിയും നേരത്തെ ലഭിച്ചിരുന്നു. 25 ഉപാധികളോടെയാണ് വിദഗ്ദ്ധസമിതിയുടെ അനുമതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് പാരിസ്ഥിതികാഘാതം വീണ്ടും പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞ 27ന് യോഗം വിളിച്ച് സമിതി ശുപാർശകൾ വലിയിരുത്തി.
തുരങ്ക നിർമ്മാണത്തിന് ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ കമ്പനിക്കും അപ്രാേച്ച് റോഡിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ. തുരങ്കപ്പാത വരുന്നതോടെ നിലവിലെ താമരശ്ശേരി ചുരംപാതയിൽ നിന്ന് യാത്രാദൂരം 40 കിലോമീറ്റർ കുറയും. തുരങ്കപ്പാതയ്ക്കുള്ള 17 ഹെക്ടർഭൂമി ഏറ്റെടുത്തു. അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കാൻ 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കേണ്ടിവരും.
പ്രധാന ഉപാധികൾ
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്‌കെയിൽ മാപ്പിംഗ്. ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് സംവിധാനം
ഭൂമിയുടെ ഘടനയനുസരിച്ചുള്ള ടണലിംഗ്. വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണം. തൊഴിലാളികളുടെ സുരക്ഷ
ഇരുവഴിഞ്ഞിപ്പുഴയുടെ ഒഴുക്ക് തടയരുത്. ടണലിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കാൻ സംവിധാനം
2,134 കോടി
നിർമ്മാണച്ചെലവ്
6.8കി.മീറ്റർ
തുരങ്കപ്പാതയുടെ നീളം
Source link