KERALAM

സഭയിൽ സ്പീക്കർ-സതീശൻ കടുംപോര് പറഞ്ഞിട്ടേ പോകൂ; വിരട്ടാൻ നോക്കേണ്ട

 പ്രതിപക്ഷ ബഹളത്തിൽ സഭ സ്‌തംഭിച്ചു

തിരുവനന്തപുരം: നിയമസഭാ പ്രസംഗത്തിനിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്ത്, ബാക്കി പുറത്തുപോയി പറഞ്ഞാൽ മതിയെന്ന് അസാധാരണ പരാമർശം നടത്തി സ്പീക്കർ എ.എൻ. ഷംസീർ. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തിൽ സ്തംഭിച്ച സഭാനടപി വേഗത്തിലാക്കി നേരത്തേ പിരിഞ്ഞു. വിരട്ടാൻ നോക്കേണ്ടെന്ന് സ്പീക്കറും പറഞ്ഞിട്ടേ പോകൂവെന്ന് സതീശനും പറഞ്ഞതോടെ രൂക്ഷ വാക്പോരുണ്ടായി.

ആശാസമരവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിൽ സതീശൻ വാക്കൗട്ട് പ്രസംഗം നടത്തുമ്പോഴായിരുന്നു അസാധാരണ രംഗങ്ങൾ. കർണാടകത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് കമ്മിഷണർ സമരക്കാരുമായി ചർച്ചനടത്തി പതിനായിരം രൂപ ഓണറേറിയം പ്രഖ്യാപിച്ചു. ഈ മാതൃകയിൽ ഇവിടെയും മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പ്രസംഗത്തിന് കൂടുതൽ സമയമെടുത്തെന്നും മൈക്ക് കട്ട് ചെയ്യുമെന്നും സ്പീക്കർ പറഞ്ഞപ്പോൾ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് സതീശൻ തിരിച്ചടിച്ചു. ഇവിടെ പറയാൻ സമയപരിധി പാലിക്കണം. ബാക്കി പുറത്തുപോയി പറയാമെന്നും അത്രയേ പറ്റൂവെന്നും സ്പീക്കറുടെ താക്കീത്.

ഇത് അവഗണിച്ച് സതീശൻ പ്രസംഗം തുടർന്നു. നിറുത്തിയില്ലെങ്കിൽ വേറെ വഴിനോക്കുമെന്നും അടുത്ത ബിസിനസിലേക്ക് കടക്കുമെന്നുമായി സ്പീക്കർ. അതിന് സമ്മതിക്കില്ലെന്നു പറഞ്ഞ സതീശൻ മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടതോടെ പ്രസംഗം തീർന്നെന്ന് സ്പീക്കർ അറിയിച്ചു. അത് സ്പീക്കറല്ല തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് സതീശൻ പ്രസംഗം തുടർന്നു. 10.56 മിനിറ്റിലെത്തിയപ്പോൾ മൈക്ക് ഓഫ് ചെയ്തു. 11 മിനിറ്റായെന്നും സ്ഥിരമായി കൊടുക്കുന്ന സമയമേ നൽകാനാവൂവെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ശ്രദ്ധക്ഷണിക്കലിന് കെ.ആൻസലനെ ക്ഷണിച്ചു.

ഇതോടെയാണ് പ്രതിപക്ഷം സ്പീക്കറുടെ വേദിക്കു മുന്നിൽ മുദ്രാവാക്യം മുഴക്കിയ്ത്. സ്പീക്കർ നീതിപാലിക്കണമെന്ന ബാനറും പ്ലക്കാർഡുകളും ഉയർത്തി ബഹളം തുടർന്നതോടെ 11.05ന് സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക.

സ്പീക്കർ സർക്കാരിന്റെ കിങ്കരനെപ്പോലെയാണ്. പിൻബെഞ്ചിലിരുന്ന് ബഹളം വയ്ക്കുന്ന എം.എൽ.എയെപ്പോലെ പെരുമാറുന്ന സ്പീക്കർ ആ പദവിയുടെ ഗൗരവം കളയുകയാണ്

– വി.ഡി. സതീശൻ,​

പ്രതിപക്ഷ നേതാവ്


Source link

Related Articles

Back to top button