ഔറംഗസേബ് വിവാദം, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് മഹായുതി; മാപ്പ് പറഞ്ഞ് അബു ആസ്മി

ഔറംഗസേബ് വിവാദം, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് മഹായുതി; മാപ്പ് പറഞ്ഞ് അബു ആസ്മി – Aurangzeb Controversy: Maharashtra’s ruling coalition demands sedition charges against Abu Azmi | മനോരമ ഓൺലൈൻ ന്യൂസ് – Abu Azmi | Aurangzeb | Maharashtra | Chhaava Movie | Shivsena | Latest News | Manorama Online News
ഔറംഗസേബ് വിവാദം, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് മഹായുതി; മാപ്പ് പറഞ്ഞ് അബു ആസ്മി
മനോരമ ലേഖകൻ
Published: March 05 , 2025 12:00 PM IST
1 minute Read
അബു അസ്മി. (ചിത്രം: instagram.com/abuasimazmi_sp)
മുംബൈ ∙ മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രകീർത്തിച്ച് സംസാരിച്ച സമാജ്‌വാദി പാർട്ടി എംഎൽഎയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും നിയമസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷം. വാക്കുതർക്കത്തെ തുടർന്നു നിയമസഭയുടെ ഇരുസഭകളും നിർത്തിവച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു ശിവസേനാ എംപി നരേഷ് മസ്കെ നൽകിയ പരാതിയിൽ അബു ആസ്മിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് അബു ആസ്മി രംഗത്തെത്തി. ‘‘ഹൈന്ദവ സഹോദരങ്ങളുടെ വികാരം വ്രണപ്പെടുത്തണം എന്ന് കരുതിയിട്ടില്ല. പലരും വാക്കുകൾ വളച്ചൊടിച്ചു. ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ’’– അദ്ദേഹം പറഞ്ഞു.
എൻസിപി മന്ത്രി ധനഞ്ജയ് മുണ്ടെയുടെ രാജിയുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാനിരിക്കെയാണ് ഔറംഗസേബ് വിവാദവുമായി മഹായുതി രംഗത്തെത്തിയത്. സഭ തുടങ്ങിയപ്പോൾ തന്നെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ അബു ആസ്മിക്കെതിരെ ഭരണപക്ഷം മുദ്രാവാക്യം ഉയർത്തി. ‘‘സംഭാജി മഹാരാജാവിനെ ക്രൂരമായി പീഡിപ്പിച്ചയാളാണ് ഔറംഗസേബ്. ഹൈന്ദവരെ മാത്രമല്ല, മറ്റു മതസ്ഥരെയും അദ്ദേഹം കൊന്നൊടുക്കി. ഔറംഗസേബിനെ പ്രകീർത്തിക്കുന്നതു രാജ്യത്തിന്റെ ഹീറോകളെ പരിഹസിക്കുന്നതിന് തുല്യമാണ്’’– ഷിൻഡെ പറഞ്ഞു.
‘‘മുഗൾ രാജാവായ ഔറംഗസേബിനെ മോശമായി ചിത്രീകരിക്കാൻ ചിലർ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഛത്രപതി സംഭാജിക്കും ഔറംഗസേബിനുമിടയിൽ നടന്ന യുദ്ധം രണ്ട് ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധമാണ്. അല്ലാതെ മുസ്‌ലിംകളും ഹൈന്ദവരും തമ്മിൽ നടന്ന പോരാട്ടമല്ല’’– എന്നാണ് കഴിഞ്ഞദിവസം അബു ആസ്മി പറഞ്ഞത്. ബോളിവുഡ് സിനിമ ‘ചാവ’ ചരിത്രത്തെ വളച്ചൊടിച്ച് തയാറാക്കിയതാണെന്ന് സമർഥിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ വിശദീകരണം.
English Summary:
Aurangzeb Controversy: Maharashtra’s ruling coalition demands sedition charges against Samajwadi Party MLA Abu Azmi for praising Aurangzeb. Azmi later apologized, stating his words were misinterpreted. The controversy erupted amidst political tensions.
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
6bnns5jkn9uuoi9rum62ng5v26 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-news-common-sedition mo-politics-parties-sp