KERALAM

മുംബയ്, നാഗാലാൻഡ് വഴി ഡൽഹി !

സംസ്ഥാനത്ത് ഏറ്റവുംവലിയ ലഹരിവേട്ടക്കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ലക്ഷ്യമിട്ടത് ബാങ്ക് ഇടപാടുകൾ പരിശോധിച്ച് മുഖ്യ ഇടപാടുകാരിലേക്ക് എത്താമെന്നായിരുന്നു. കണക്കുകൂട്ടലുകൾ തുടക്കത്തിലേ പാളി. ലഹരികൈമാറ്റം മുംബയിലാണെങ്കിൽ,പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് ഉടമ നാഗാലാൻഡിൽ. ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതാകട്ടെ ഡൽഹിയിൽ നിന്നും! പൊലീസ് ഒരിക്കലും തങ്ങളിലേക്ക് എത്തരുതെന്ന് ഉറപ്പിച്ചാണ് രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം.

അന്വേഷണം പരുങ്ങലിലായെന്ന് മാത്രമല്ല,പ്രധാനികളിലേക്ക് എത്താൻപോലും പ്രത്യേക സംഘത്തിനായില്ല. ഓരോ തവണയും തന്ത്രം മാറ്റിക്കൊണ്ടിരിക്കുന്നതാണ് ഇവരുടെ രീതി. വ്യാജരേഖകളാണ് ഉപയോഗിക്കുന്നത്. മുംബയിൽ നിന്ന് യഥേഷ്ടം മയക്കുമരുന്ന് ലഭിക്കുന്ന സാഹചര്യമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഏജന്റിലൂടെ ഇടപാട് നടക്കൂ. പ്രധാനികളിലേക്ക് എത്താനാകില്ല. പണം നൽകിയാൽ പൊതുയിടത്തിലോ മറ്റോ മയക്കുമരുന്ന് കൊണ്ടുവയ്ക്കും. ശേഷം ഇതിന്റെ ഫോട്ടോയും ലൊക്കേഷനും കൈമാറും. ഇത് എടുക്കുന്നതോടെ ഇടപാട് അവസാനിക്കും. പിന്നെ ഈ നമ്പറിൽ ബന്ധപ്പടാനാവില്ല.

സംസ്ഥാനങ്ങളിൽ നിന്ന് കടത്തിന് തടയിടുമ്പോൾ വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്തും തലവേദനയാകുന്നു. കൊച്ചിയിലെ ഫോറിൻ താപാൽ ഒഫീസ് മുഖേനെയാണ് ഇറക്കുമതി. ഡാർക്ക് നെറ്റ് വഴി ഓ‌ർഡ‌ർ ചെയ്താൽ യൂറോപ്പിൽ നിന്ന് കൊറിയറായി വരും. ഒരുനുള്ളിന് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നാണ് എത്തിക്കുന്നത്. എം.ഡി.എം.എ മുതൽ ലോക്കൽ എൽ.എസ്.ഡി സ്റ്റാമ്പു വരെ കിട്ടും. സുലഭമായി കിട്ടുമെന്നതിനാൽ തപാൽമാർഗം തന്നെ ആവശ്യക്കാരിലെത്തിച്ച് മലയാളികൾ വൻബിസിനസാണ് നടത്തുന്നത്. കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസിലൂടെ ലഹരിക്കച്ചവടം പൊടിപൊടിച്ചിരുന്ന 56 പേരെ ലക്ഷ്യമിട്ട് എക്സൈസ് കളത്തിലിറങ്ങിയിട്ടുണ്ട്. പലരും മുങ്ങിയിരിക്കുകയാണ്. അടുത്തിടെ സമാനമായി മയക്കുമരുന്ന് വരുത്തിച്ചത് ശ്രദ്ധയിൽപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നടപടി. വിദേശരാജ്യങ്ങളിലെ ലഹരി സംഘങ്ങളുമായി ചേ‌ർന്നാണ് കടത്ത്. ആദ്യം ഡാർക്ക് നെറ്റ് വഴി ആവശ്യപ്പെടുന്ന പണം കൈമാറണം. നൽകുന്ന വിലാസത്തിൽ രണ്ടാഴ്ചക്കകം കൊച്ചിയിലെ തപാൽ ഓഫീസിൽ കൊറിയറായി മയക്കുമരുന്നെത്തും. 56 പേർ‌ അടുത്തിടെ നടത്തിയ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വീര്യംകൂടിയ മയക്കുമരുന്നാണ് ഇവ‌ർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തിച്ച് വിറ്റിരുന്നത്.

ഷാഡോ നിന്നു,

ഡാൻസാഫ് വന്നു

പ്രതികളെ പിടികൂടിയത് ഷാഡോപൊലീസിന്റെ നേതൃത്വത്തിലെന്ന പത്രവാർത്ത വായിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോൾ ഷാഡോ പൊലീസ് സംവിധാനം സേനയിലില്ല. പകരം ഡാൻസാഫാണുള്ളത്. 2008ലാണ് ഷാഡോ പൊലീസ് സേനയിൽ ചനലനമുണ്ടാക്കിത്തുടങ്ങിയത്. രാത്രികാലങ്ങളിലെ ക്രമസമാധാനം ഉറപ്പാക്കുകയായിരുന്നു ദൗത്യം. പിന്നീട് സേന ഇവരെ ലഹരി-മയക്കുമരുന്ന് ഇടപാട് സംഘങ്ങൾക്ക് എതിരെയുള്ള വജ്രായുധമാക്കി. ഇവർ ലഹരിമാഫിയയ്ക്ക് പേടിസ്വപ്നവുമായി. കൊച്ചി നഗരത്തിൽ അന്ന് 60 ഉദ്യോഗസ്ഥരാണ് ഷാഡോ പൊലീസിലുണ്ടായിരുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ഇവർ കളംനിറഞ്ഞു. പൊടുന്നനെ ഷാഡോ പൊലീസിനെ അഴിച്ചുപണിതു. പകരം ഡാൻസാഫ് കൊണ്ടുവന്നു. അംഗബലം കുറവായ ഡാൻസാഫിന് തുടക്കത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ഇത് തിരിച്ചറിഞ്ഞ് അടുത്തിടെ ലഹരി ഹബ്ബെന്ന് കുപ്രസിദ്ധിയുള്ള കൊച്ചിയിൽ ഡാൻസാഫിനെ വിപുലപ്പെടുത്തി.

(ബോക്സ്)

ലഹരിയുടെ ദൂഷ്യവശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
(ജസ്റ്റിസ് കെ.ടി.തോമസ്)​

കൗമാരക്കാരിലെ ലഹരി ഉപയോഗവും അക്രമോത്സുകതയും വർദ്ധിക്കുമ്പോൾ നമ്മുടെ ഭാവി ജനത എന്താകുമെന്നാണ് ആശങ്ക. എല്ലാ രാജ്യങ്ങളിലും ലഹരി ഉയർത്തുന്ന ഭീഷണി ഏറിയും കുറഞ്ഞുമാണ്. എന്റെ ഔദ്യോഗിക ജീവിത കാലത്തും പലകേസുകളിലും വിധി പറഞ്ഞിട്ടുണ്ട്. അവരുടെ പ്രായം അറിഞ്ഞ് സങ്കടമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നിയമം കർശനമാണ്. നിയമം കൃത്യമായി നടപ്പാക്കുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യവശം ചെറിയ ക്ളാസിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ആ വിഷയം പാസാകുന്നവർക്കേ സ്ഥാനക്കയറ്റം ലഭിക്കൂയെന്ന വ്യവസ്ഥയുണ്ടാവണം.

ലഹരിയെപ്പറ്റി പേടിയും ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവും കുട്ടികളുലുണ്ടാവണം. നർക്കോട്ടിക് ബിസിനസിലൂടെ കോടികളാണ് ഒഴുകുന്നത്. ഇപ്പോഴും സിന്തറ്റിക് ലഹരി ഉത്പാദിപ്പിക്കുന്നവരെ എന്തുകൊണ്ടാണ് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതെന്ന് ഗൗരവമായി ആലോചിക്കണം. ഇവരുടെ സ്വാധീനത്തിൽ ഏതെങ്കിലും ഭരണകർത്താക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിവേണം.

ലഹരി മാഫിയകൾക്കെതിരായ പോരാട്ടം തുടരുമ്പോഴും അതിൽപ്പെട്ടു പോകുന്ന നിരപരാധികളെ നാം കണ്ടില്ലെന്ന് നടിക്കരുത്. സുപ്രീംകോടതി ജഡ്ജിയായിരിക്കേ,എൻ.ഡി.പി.എസ് കേസുമായി ബന്ധപ്പെട്ട് 20 വർഷത്തേയ്ക്ക് ശിക്ഷിച്ചൊരു 25കാരന്റെ കേസ് അപ്രതീക്ഷിതമായാണ് എന്റെ പരിഗണനയിൽ വന്നത്. റിവ്യൂ പെറ്റീഷനായി വന്ന കേസ് കേൾക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.പി.ബറൂച്ച ഞാൻ കൂടി അടങ്ങുന്ന ബഞ്ചിനെ ഏൽപ്പിച്ചു. എന്റെ ഒപ്പമുള്ള രണ്ട് ജഡ്ജിമാരും കേസ് കേട്ട് ശിക്ഷ ശരിവച്ചു. എന്നാൽ ഞാൻ ഇതിന്റെ മുഴുവൻ രേഖകളും പരിശോധിച്ചു. നാർക്കോട്ടിക് എന്ന പട്ടികയിൽ നിന്ന് ഈ ലഹരി സൈക്കോട്രോപിക് പട്ടികയിലേയ്ക്ക് മാറ്റിയെന്ന് കണ്ടെത്തി. ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ അനുവദനീയമായ പരിധിക്കുള്ളിൽ ഉപയോഗിക്കാമെന്നും മനസിലാക്കി. മൂന്ന് കൊല്ലത്തിലേറെ ശിക്ഷ അനുഭവിച്ച യുവാവിനെ ഇതോടെ വെറുതെ വിട്ടു.

സെൻസർ

നിയമങ്ങൾ മാറണം

സിനിമകളിലെ നിയന്ത്രണമില്ലാത്ത അക്രമോത്സുകത തടയാൻ സെൻസർ നിയമങ്ങളിൽ മാറ്റമുണ്ടാവണം. ഏത് രീതിയിലുള്ള മാറ്റമാണെന്ന് പഠിച്ച് പുതിയ ഭേദഗതികൾ കൊണ്ടുവരണം. എല്ലാ സിനിമകളും ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ സർട്ടിഫിക്കറ്റ് നൽകരുത്. ഏത് സ്വാതന്ത്ര്യവും മറ്റുള്ളവർക്ക് ദോഷകരമാവരുതെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്.


Source link

Related Articles

Back to top button