കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി, ഇഡി കണ്ടുകെട്ടിയത് 118 കോടി മൂല്യമുളള സ്വത്തുക്കൾ

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വത്ത് കണ്ടുകെട്ടിയത് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ശരിവച്ചു. സിപിഎമ്മിന്റെ 118 കോടി രൂപ മൂല്യമുളള സ്വത്തും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവ ലേലംചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സമ്മതമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. തട്ടിപ്പിനിരയായത് കരുവന്നൂർ ബാങ്ക് ആയതിനാൽ ബാങ്ക് തന്നെ ഈ നടപടി പൂർത്തിയാക്കണമെന്നാണ് ഇഡിയുടെ നിലപാട്.
ബാങ്കിന്റെ ഭരണസമിതി സിപിഎമ്മിന്റേതാണ്. കണ്ടുകെട്ടിയ സ്വത്ത് ഇഡിയിൽ നിന്ന് സ്വീകരിക്കുന്നതിൽ കരുവന്നൂർ ബാങ്ക് എടുക്കുന്ന തീരുമാനം നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിൽ നിർണായകമാകും.
കരുവന്നൂർ തട്ടിപ്പിൽ ഈ വർഷമാദ്യം കണ്ടുകെട്ടിയ 10.98 കോടി രൂപയുടേതൊഴിച്ചുള്ള എല്ലാമാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി സ്ഥിരപ്പെടുത്തിയത്. സിപിഎം ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ബാങ്കിൽ നിന്ന് നിയമവിരുദ്ധ വായ്പ നൽകിയെന്നും ഇതിനുപകരമായി വായ്പ ലഭിച്ചവരിൽ നിന്ന് സംഭാവന രൂപത്തിൽ സിപിഎം അക്കൗണ്ടുകളിൽ പണമെത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
ഇഡിയുടെ കണ്ടുകെട്ടലുകൾ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അംഗീകരിക്കുന്നതോടെയാണ് സ്ഥിരപ്പെടുക. പരാതിയുണ്ടെങ്കിൽ 45 ദിവസത്തിനകം അപ്പേലറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. സാധാരണഗതിയിൽ അതോറിറ്റി ഉത്തരവ് ശരിവയ്ക്കുകയാണ് ട്രിബ്യൂണൽ ചെയ്യാറ്. ഇതിനുശേഷം സ്വത്ത് വിട്ടുകിട്ടാൻ അതാത് ഹൈക്കോടതികളെ സമീപിക്കണം. അപൂർവമായേ കണ്ടുക്കെട്ടലുകൾ മാത്രമേ ഹൈക്കോടതികൾ റദ്ദാക്കാറുള്ളൂ.
Source link