നവദമ്പതികൾക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആശംസ : ‘ഉടൻ കുട്ടികളുണ്ടാകട്ടെ’!

ചെന്നൈ ∙ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡലപുനർനിർണയം തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെ, ദമ്പതികൾ കാലതാമസം കൂടാതെ കൂടുതൽ കുട്ടികളുള്ള കുടുംബം ആസൂത്രണം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആഹ്വാനം ചെയ്തു. കുടുംബാസൂത്രണം വിജയിപ്പിച്ചതോടെ സംസ്ഥാനം രാഷ്ട്രീയപ്രാതിനിധ്യത്തിൽ പിന്നാക്കമായി. ജനസംഖ്യ കൂടിയാൽ മാത്രമേ കൂടുതൽ എംപിമാർ ഉണ്ടാകൂ എന്നതാണ് അവസ്ഥ. കുട്ടികൾക്കു മനോഹരമായ തമിഴ് പേര് നൽകണമെന്നും നാഗപട്ടണത്ത് പാർട്ടിപ്രവർത്തകന്റെ വിവാഹച്ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി പ്രോത്സാഹിപ്പിക്കാൻ ഒരു നൂറ്റാണ്ടിലേറെയായി ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭ ഉള്ളപ്പോൾ ഉത്തരേന്ത്യയിൽ തമിഴ്പ്രചാര സഭ സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. മണ്ഡലപുനർനിർണയം, ത്രിഭാഷാ വിവാദം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാൻ തമിഴ്നാട്ടിൽ ഇന്നു സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ബിജെപി, നാം തമിഴർ കക്ഷി ഒഴികെയുള്ള പാർട്ടികൾ പങ്കെടുക്കും.
Source link