കുറ്റകൃത്യം വ്യക്തമല്ല; മാധവി ബുച്ചിന് എതിരായ കേസിന് ഒരു മാസത്തേക്ക് സ്റ്റേ

മുംബൈ∙ ഓഹരി വിപണിയിലെ ക്രമക്കേട് കേസിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് 5 പേർക്കുമെതിരെ കേസെടുക്കാനുള്ള പ്രത്യേക കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോപണം വിശദമായി പരിശോധിക്കാതെ യാന്ത്രികമായാണ് ഉത്തരവിറക്കിയതെന്നും നിരീക്ഷിച്ചു. പരാതിക്കാരനോട് ഒരു മാസത്തിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കാതെ 1994ൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ കമ്പനിയെ ലിസ്റ്റ് ചെയ്തെന്നായിരുന്നു ആരോപണം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫിസറുമായ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പബ്ലിക് ഇന്ററസ്റ്റ് ഡയറക്ടറുമായ പ്രമോദ് അഗർവാൾ, ‘സെബി’ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, ജി. അനന്ത് നാരായണൻ, കമലേഷ് ചന്ദ്ര വർഷ്ണി എന്നിവരാണ് കേസിലുൾപ്പെട്ട മറ്റുള്ളവർ.
Source link