‘പരനാറിയെന്നോ നികൃഷ്ട ജീവിയെന്നോ വിളിച്ചില്ല, മുഖ്യമന്ത്രി രാജാവാണെന്ന വിചാരമാണോ?’; വീണ്ടും ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രാജാവാണെന്ന വിചാരമാണോ ഉള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരനാറിയെന്നോ നികൃഷ്ട ജീവിയെന്നോ അദ്ദേഹത്തെ വിളിച്ചിട്ടില്ല. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. അതിന്റെ പേരിലാണ് വലിയ ബഹളമുണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ മാന്യമായ ഭാഷയിൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ല. ഇന്നലെ വലിയ ബഹളമായിരുന്നു അദ്ദേഹം. ഒരുകാര്യം പറയട്ടെ, ഇദ്ദേഹത്തിന്റെ അഹങ്കാരവും ധിക്കാരവും ആശാ വർക്കർമാരോട് വേണ്ട എന്ന് നിങ്ങളുടെ സമരം തെളിയിക്കുകയാണ്. സമരത്തിന് എല്ലാവിധ പിന്തുണയും നേരുന്നു. ഇതുമൂന്നാമത്തെ തവണയാണ് ഞാൻ ഇവിടെ വരുന്നത്. ഇനി മുന്നൂറുതവണ വരേണ്ടിവന്നാലും നിങ്ങളോടൊപ്പം ഉണ്ടാകും’- ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചാണ് ചെന്നിത്തലയും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് ഉണ്ടായത്. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു രമേശ് ചെന്നിത്തല ആവർത്തിച്ചതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയായിരുന്നു. ലഹരിവ്യാപനം തടയുന്നതിൽ സർക്കാർ പരാജയമെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ചെന്നിത്തലയുടെ അഭിസംബോധന.
ക്ഷുഭിതനായി എഴുന്നേറ്റ മുഖ്യമന്ത്രി ഇങ്ങനെ മിസ്റ്റർ ചീഫ് മിനിസ്റ്റർ, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നുവിളിക്കുന്നതിന് ഓരോ പ്രാവശ്യവും താൻ മറുപടി പറയണോ എന്നു ചോദിച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാൽ പോര, നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് നിങ്ങളെ തന്നെ കുറ്റപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു. എന്താണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടന്ന് ചെന്നിത്തല പ്രതികരിച്ചതോടെ, വിഷയത്തെ കുറിച്ചു സംസാരിക്കൂവെന്നായി മുഖ്യമന്ത്രി.
Source link