കുട്ടികളിലെ സ്വഭാവ മാറ്റത്തിന് പിന്നിലെ ‘വില്ലന്‍’; പിടിവിട്ട ആശങ്കയില്‍ രക്ഷിതാക്കളും പൊതുസമൂഹവും

കുട്ടികളില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമ വാസന ഇന്ന് സമൂഹത്തില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട പുതിയ തലമുറ ഇന്ന് ദിശതെറ്റി സഞ്ചരിക്കുന്നത് ലഹരിയുടേയും ആക്രമത്തിന്റേയും പാതയിലാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് ഡിജിറ്റല്‍ അഡിക്ഷന് കാരണമായി ചെറിയപ്രായത്തില്‍ തന്നെ കൈയില്‍ കിട്ടുന്ന മൊബൈല്‍ ഫോണുകള്‍. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നാണ് വര്‍ത്തമാന കേരളത്തിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ അഡിക്ഷനെ പ്രമേയമാക്കി കേരളകൗമുദി ഓണ്‍ലൈന്‍ തയ്യാറാക്കിയ വാര്‍ത്താ പരമ്പര ‘പാഠം ഒന്ന്: ലഹരിയാകരുത് മൊബൈല്‍ ഫോണ്‍’ ഇന്ന് മുതല്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് എത്തിയത് മുതല്‍ കുട്ടി മൊബൈല് ഫോണ്‍ ഉപയോഗത്തില്‍ മുഴുകിയിരിപ്പാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ നിരവധി തവണ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും കുട്ടി കേട്ടമട്ടില്ല. ഒടുവില്‍ അല്‍പ്പം ശബ്ദമുയര്‍ത്തിയ കുട്ടിക്കടുത്തേക്ക് നീങ്ങിയ അമ്മയ്ക്ക് നേരെ സമീപത്തിരുന്ന ചായ കപ്പ് വലിച്ചെറിഞ്ഞ് അമര്‍ഷത്തോടെയാണ് കുട്ടി പ്രതികരിച്ചത്. കുട്ടികളില്‍ നിന്ന് സമാനമായ പ്രവര്‍ത്തി നമ്മളില്‍ പലരുടേയും വീട്ടില്‍ സംഭവിച്ചിട്ടുണ്ടാകാം. മൊബൈല്‍ ഫോണിന് അടിമപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്.
ഇന്ന് കേരളത്തിലെ വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്വന്തം കുട്ടികളില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത മൊബൈല്‍ ഫോണ്‍ ഉപയോഗം. വളരെ ചെറിയ പ്രായം മുതല്‍ സ്മാര്‍ട് ഫോണിന്റേയും ഇന്റര്‍നെറ്റിന്റേയും കൗതുകമുണര്‍ത്തുന്ന ലോകത്ത് എത്തപ്പെടുന്ന കുട്ടികള്‍ ലഹരി സംഘങ്ങളുടേയും സെക്സ് റാക്കറ്റുകളുടേയും വലയിലാകുന്ന നിരവധി സംഭവങ്ങളാണ് നമുക്ക് ചുറ്റും. സ്മാര്‍ട്ട് ഡിവൈസുകളോടുള്ള ആസക്തി മാരകമായ രാസലഹരിയേക്കാള്‍ വലിയ ആപത്ത് കുട്ടികളില്‍ സൃഷ്ടിക്കുന്നുണ്ട്.
കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വഭാവ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കഴിയും. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിലേയോ ഇന്ത്യയുടേയോ മാത്രം പ്രശ്നമല്ല. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണത്.
കണക്കുകള്‍ ഞെട്ടിക്കുമ്പോള്‍
കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനും അതേ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് ഡിവിഷന് കീഴില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററില്‍(ഡിഡാഡ്) എത്തുന്നത് നിരവധി കേസുകളാണ്. നിലവില്‍ കേരളത്തിലെ ആറ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരച്ചാണ് ഡിഡാഡ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 2024ല്‍ എത്തിയ കേസുകളുടെ എണ്ണം 1436 ആണ്.
സെന്റര്‍ തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം (235)
കൊല്ലം (285)
കൊച്ചി (177)
തൃശൂര്‍ (249)
കോഴിക്കോട് (250)
കണ്ണൂര്‍ (240)
മൊബൈല്‍ ഫോണില്‍ പണം മുടക്കി കളിക്കേണ്ട ഓണ്‍ലൈന്‍ ഗെയിമുകള്‍, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവ അപരിചിതരുമായുള്ള ഇടപഴകലിലേക്ക് എത്തിക്കുന്നു. ഇവരില്‍ നിന്ന് പലതരം ചൂഷണങ്ങള്‍ക്കാണ് കുട്ടികള്‍ ഇരയാകുന്നത്. സാമ്പത്തികമായും ലൈംഗികമായും ചൂഷണംചെയ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ പൊലീസിന് മുന്നില്‍ എത്താറുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും സന്നദ്ധ സംഘടനകളും സ്റ്റുഡന്റ് പൊലീസ് വിംഗ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ശ്രമങ്ങളാണ് നിലവിലുള്ളത്.
മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ലഹരിക്കടിപ്പെട്ടവര്‍ അതു കിട്ടാതാകുമ്പോള്‍ കാട്ടിക്കൂട്ടാറുള്ള ഭ്രാന്തമായ അതിക്രമങ്ങള്‍ക്കു സമാനമായ സാഹചര്യമാണു മൊബൈല്‍ അഡിക്ഷനുള്ള കുട്ടികളും സൃഷ്ടിക്കുന്നതെന്നാണ് ഡി-ഡാഡിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ അഡിക്ഷന്‍ ഭേദമാകാത്ത അവസ്ഥയിലേക്ക് എത്തും. ഈ ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരെ കുട്ടികള്‍ അക്രമിക്കാനും എതിര്‍ക്കാനും തുടങ്ങും.
ഒരു ദിവസത്തില്‍ 12 മണിക്കൂറില്‍ അധികം സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വ്യാപകമായി വര്‍ദ്ധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 15-17 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഡി-ഡാഡ് സെന്ററുകളില്‍ എത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൊബൈലുകള്‍ കൈയില്‍ കിട്ടുന്ന ഇന്നത്തെ തലമുറ ഈ പ്രായം പോലും എത്തുന്നതിന് മുമ്പ് മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നു.
”കുട്ടികളില്‍ നിന്ന് എന്ത് മാറ്റമാണോ നമ്മള്‍ ആഗ്രഹിക്കുന്നത് അതിന് അവരെ സഹായിക്കുകയും മാതൃക കാണിക്കുകയുമാണ് മുതിര്‍ന്നവര്‍ ചെയ്യേണ്ടത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകുന്നത്. സര്‍ക്കാരിലേക്ക് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.”
-അജിത ബീഗം ഐപിഎസ്, ഡിഐജി തിരുവനന്തപുരം റേഞ്ച് & സോഷ്യല്‍ പൊലീസിംഗ് ഡയറക്ടര്‍
(രണ്ടാം ഭാഗത്തില്‍ (നാളെ): കുട്ടികള്‍ കാണിക്കുന്ന ആദ്യ സൂചന ഇപ്രകാരം; തിരിച്ചറിയേണ്ടത് പരമപ്രധാനം)
Source link