10 വയസുകാരന് നേരെ പാഞ്ഞെടുത്ത് പുലി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പാടി: ചുളിക്കയിൽ പത്തു വയസുകാരൻ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചുളിക്ക പര്യങ്ങാടൻ നാസറിന്റെ മകൻ ഇഷാന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 10:30നായിരുന്നു സംഭവം. പള്ളിയിൽ നിന്നും തറാവീഹ് നമസ്‌കാരം കഴിഞ്ഞ് നാസറിനൊപ്പം ബൈക്കിൽ വീട്ടിലെത്തിയ ഇഷാൻ ഗേറ്റ് അടക്കാനായി എത്തിയപ്പോഴാണ് തേയിലതോട്ടത്തിൽ നിന്നും പുള്ളിപ്പുലി ആക്രമിക്കാനെത്തിയത്. തുടർന്ന് നാസറും ഭാര്യയും ബഹളം വച്ച് ഓടിയടുത്തതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി മറിയുകയായിരുന്നു. പിന്നീട് വീട്ടുകാർ ടെറസിന് മുകളിൽ കയറി പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് വീണ്ടും പുലിയെത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് പുലിയെ ഓടിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെയും പുലി പാഞ്ഞടുത്തിരുന്നു. സ്ഥിരമായി പുലി സാന്നിദ്ധ്യമുള്ള പ്രദേശമാണിത്. എന്നാൽ പുലിയെ പിടികൂടാൻ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. നാസറിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പുലിയും കടുവയും പിടികൂടാറുണ്ട്. രണ്ടുവർഷത്തിനിടയിൽ എട്ടു പശുക്കളെയാണ് നാസറിനും പിതാവ് ഇബ്രാഹിമിനും നഷ്ടമായത്.
Source link