KERALAM

ശാരീരിക വൈകല്യം ജഡ്‌ജി നിയമനത്തിന് തടസമല്ല

ന്യൂഡൽഹി: ശാരീരിക വൈകല്യത്തിന്റെ പേരിൽ ജഡ്‌ജി സ്ഥാനം നിഷേധിക്കുന്ന പ്രവണതയ്‌ക്ക് കൂച്ചുവിലങ്ങിട്ട് സുപ്രീംകോടതി. വൈകല്യം ചൂണ്ടിക്കാട്ടി ജുഡിഷ്യൽ സർവീസ് നിയമനത്തിന് പരിഗണിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

മദ്ധ്യപ്രദേശിലെ സിവിൽ ജഡ്‌ജി ക്ലാസ് – ടു തസ്‌തികയിലേക്കുള്ള നിയമനത്തിൽ കാഴ്ചാ വൈകല്യമുള്ളവരെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികളിൽ ഒരാളുടെ മാതാവ് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതേ സ്വഭാവത്തിലുള്ള ഒരുകൂട്ടം ഹർജികൾ കൂടി പരിഗണിച്ചാണ് കോടതിവിധി.

കാഴ്ചാവൈകല്യമുള്ള ഉദ്യോഗാർത്ഥികൾ ജുഡിഷ്യൽ സേവനത്തിന് യോഗ്യരല്ലെന്ന് പറയാനാകില്ല. റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ അവർക്ക് അർഹതയുണ്ട്. വേർതിരിവും അസമത്വവും പാടില്ല. അവരെയും കൂടി ഉൾക്കൊള്ളിച്ചുള്ള ചട്ടക്കൂടാണ് സംസ്ഥാന സർക്കാരുകൾ തയ്യാറാക്കേണ്ടത്.

സർവീസ് റൂൾ

ചട്ടം റദ്ദാക്കി

2016ലെ വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമം അനുസരിച്ച് യോഗ്യതാമാനദണ്ഡം തീരുമാനിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സ്റ്റേറ്റ് ജുഡിഷ്യൽ സർവീസ് നിയമനത്തിൽ കാഴ്ചാ പരിമിതിയുള്ളവരെ ഒഴിവാക്കിയ മദ്ധ്യപ്രദേശ് ജുഡിഷ്യൽ സർവീസസ് റൂൾസിലെ 6എ ചട്ടം റദ്ദാക്കി. ഈ വിഭാഗത്തിലുള്ളവരെ റിക്രൂട്ട്മെന്റിന് പരിഗണിക്കാനും സുപീംകോടതി ഉത്തരവിട്ടു.


Source link

Related Articles

Back to top button