KERALAM

 കുട്ടികളെ അക്രമികളാക്കുന്നത് കൊല്ലാൻ പഠിപ്പിക്കുന്ന പൈശാചിക ഗെയിമുകൾ

തിരുവനന്തപുരം: ആളുകളെ കൊല്ലാനും ആക്രമിക്കാനും പഠിപ്പിക്കുന്നതടക്കം വയലൻസുള്ള ഓൺലൈൻ ഗെയിമുകളും വെബ്സീരീസുകളും കുട്ടികളിൽ അക്രമവാസന വളർത്തുന്നു. 12വയസു കഴിഞ്ഞവർ മാതാപിതാക്കളുടെ അനുവാദത്തോടെ ഇത്തരം ഗെയിമുകൾ കളിക്കാവൂവെന്ന് നിർമ്മാതാക്കൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് നടക്കാറുമില്ല.

ദക്ഷിണകൊറിയ,ജപ്പാൻ നിർമ്മിത ഗെയിമുകളും സീരീസുകളുമാണ് യുവതലമുറയ്ക്ക് ഹരം. താമരശേരിയിൽ ഷഹബാസിനെ കൊലപ്പെടുത്തിയവർ ക്രൂരമായ വയലൻസുള്ള ദക്ഷിണകൊറിയൻ ‘സ്ക്വിഡ്ഗെയിം’ കളിച്ചിരുന്നു. തലയ്ക്കടിച്ച് ചോര തെറിപ്പിക്കുന്നതും തലയടിച്ചു പൊട്ടിക്കുന്നതും കണ്ണുകൾ കുത്തിപ്പൊട്ടിക്കുകയും വെടിവച്ച് തല ചിതറിക്കുന്നതുമടക്കം പൈശാചികദൃശ്യങ്ങളടങ്ങിയതാണ് ഗെയിമുകൾ. നിത്യേന നാലും അഞ്ചും മണിക്കൂർ തുടർച്ചയായി കളിക്കേണ്ടവയാണിവ.

ഉപയോഗിക്കുന്നവർ ചെയ്യുന്നതു പോലെലൈവായി വയലൻസ് കാണാനാവുമെന്നതാണ് മിക്കവയുടെയും രീതി. രണ്ടുമാസം ഇത്തരം ഗെയിമുകൾ കാണുമ്പോൾ കുട്ടികളുടെ അറപ്പ് മാറുമെന്നും ഇതാണ് ഏറെ അപകടകരമെന്നും ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി മനോജ്എബ്രഹാം ‘കേരളകൗമുദി’യോട് പറഞ്ഞു. അതേസമയം,മൊബൈൽ ഉപയോഗം നിരീക്ഷിച്ചും കുട്ടികളിലെ സ്വഭാവവ്യതിയാനം തിരിച്ചറിഞ്ഞും മാതാപിതാക്കൾക്ക് ഇത്തരം ഗെയിമുപയോഗം കണ്ടെത്താനാവും.

ചോരകണ്ട് അറപ്പുമാറ്റാൻ

തോക്കടക്കം ആയുധങ്ങളുമായി എതിരാളികളെ ആക്രമിച്ച് വീഴ്‌ത്തുന്നതാണ് മിക്കവാറും ഗെയിമുകളുടെ ഉള്ളടക്കം

എതിരാളിയുടെ തലപിളർക്കുന്നതും ചോരചിന്തിക്കുന്നതും നേരിട്ടുള്ള ദൃശ്യംപോലെ മുന്നിൽ തെളിയും. ഇത് കുട്ടികളിൽ അക്രമണോത്സുകത വർദ്ധിപ്പിക്കും

കൊല്ലുന്നതും അക്രമവുമെല്ലാം ലാഘവത്തോടെ കണ്ട് അനുകരിക്കാൻ മടിയില്ലാത്തവരായി കൗമാരക്കാരെ മാറ്റും

പേരന്റിംഗ് ആപ്പ്

കുട്ടികളുടെ മൊബൈലുപയോഗം നിരീക്ഷിക്കാൻ പേരന്റിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്നതും അനാവശ്യ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതുമെല്ലാം ഇതിലൂടെ രക്ഷിതാക്കൾക്ക് കണ്ടെത്താം.

വയലൻസുള്ള ഗെയിമുകൾ കുട്ടികളിൽ ദുസ്വാധീനമുണ്ടാക്കും. അപകടകരമായ സാഹചര്യമാണിത്.

-മനോജ്എബ്രഹാം,

എ.ഡി.ജി.പി,ക്രമസമാധാനം


Source link

Related Articles

Back to top button