നിർമ്മാണത്തിലുള്ള ബൈപ്പാസിന്റെ 4 ഗർഡറുകൾ തകർന്നു വീണു
ആലപ്പുഴ : ആലപ്പുഴയിൽ നിർദ്ദിഷ്ട ദേശീയപാതയുടെ ഭാഗമായി നിർമ്മാണത്തിലുള്ള എലിവേറ്റഡ് ബൈപ്പാസ് ഹൈവേയുടെ നാല് ഗർഡറുകൾ തകർന്നു വീണു. തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡിന് മീതെയാണ് ഗർഡറുകൾ പതിച്ചതെങ്കിലും സംഭവ സമയത്ത് അതിനുള്ളിൽ തൊഴിലാളികളോ സമീപത്ത് മറ്റാളുകളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ 11 മണിയോടെ ആലപ്പുഴ ബീച്ചിന് സമീപം വിജയ് പാർക്കിനോട് ചേർന്നുള്ള 17, 18 പില്ലറുകൾക്കിടയിലെ നാല് ഗർഡറുകളാണ് അത്യുഗ്രശബ്ദത്തോടെ നിലംപതിച്ചത്. സമീപവാസിയായ സീ വ്യൂവിൽ മെൽവിൻ ഡിക്രൂസിന്റെ വീട്ടിലെ പോർച്ചിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. സംഭവ സമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും പിൻവശത്തായിരുന്നതിനാൽ അപകടം ഒഴിവായി.നിർമ്മാണത്തിലെ പിഴവാണ് കാരണമെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളും നാട്ടുകാരും പ്രതിഷേധമുയർത്തി. ഓരോന്നിനും 90ടണ്ണോളം ഭാരം വരുന്നതാണ് ഗർഡറുകൾ.
ജനുവരിയിൽ നിർമ്മിച്ച ഗർഡറുകൾ ദേശീയപാത അതോറിട്ടിയുടെ മാനദണ്ഡപ്രകാരം സുരക്ഷാ പരിശോധനകൾക്ക് ശേഷം മൂന്നാഴ്ച മുമ്പാണ് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പില്ലറുകൾക്ക് മീതെ സ്ഥാപിച്ചത്. 30 അടിയോളം താഴ്ചയിലേക്ക് പില്ലറുകൾ വീണു തകർന്നപ്പോഴുണ്ടായ പൊടിപടലം അന്തരീക്ഷത്തിൽ നിറഞ്ഞതിനാൽ എന്താണ് സംഭവിച്ചതെന്ന് പരിസരവാസികൾക്ക് പോലും ആദ്യം മനസിലായില്ല. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ദേശീയപാത അതോറിട്ടിയുടെ പ്രോജക്ട് ഡയറക്ടറുൾപ്പെടെ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി അന്വേഷണത്തിന് നിർദ്ദേശം നൽകി.
ഉറപ്പിച്ചതിലെ പിഴവ്
ഗർഡറുകളുടെ സപ്പോർട്ടുകൾ സ്ഥാപിച്ചതിലുണ്ടായ പിഴവാണ് പില്ലറുകളിൽ നിന്നും അവ വഴുതി നിലം പൊത്താൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം സമീപ വീടുകളിലെ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടത്തെപ്പറ്റി ദേശീയ പാത അതോറിട്ടിയും ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണം ആരംഭിച്ചു. ഐ.ഐ.ടി കളിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഉൾപ്പെടെ സഹായവും ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
Source link