നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് ഭാര്യ മഞ്ജുഷ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. നിലവിൽ കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നും സിംഗിൾബെഞ്ച് വസ്തുതകൾ ശരിയായി വിശകലനം ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ പ്രതിയായ പിപി ദിവ്യയ്ക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.
2024 ഒക്ടോബർ 15നാണ് നവീൻ ബാബു മരിച്ചത്. യാത്രഅയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ നടത്തിയ പരാമർശങ്ങളെ തുടർന്ന് പിറ്റേന്ന് പുലർച്ചെ നവീനിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ തുടക്കം മുതൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. മരണം കൊലപാതകാണെന്നും ദിവ്യയുടെ രാഷ്ട്രീയ സ്വാധീനം കാരണം ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.
ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകളിൽ പോരായ്മകളുണ്ട്. ശരീരം തൂങ്ങിനിന്നതിലുമേറെ സമയം തറയിൽ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്. കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. വായിൽ നിന്ന് ഉമിനീർ ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്കുകടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്. അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്ന് ഡോക്ടർ പിന്നീട് നൽകിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്. ദിവ്യയും കണ്ണൂർ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിയിലുണ്ട്.
Source link