‘മൂന്നാമതും പിണറായി സർക്കാർ വന്നാൽ മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും കൊല്ലും’

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ വീണ്ടും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ജനങ്ങളെ വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ വിമർശനം.
‘കേരളത്തിൽ എല്ലാ മേഖലയിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം, മയക്കുമരുന്ന്. മദ്യത്തേക്കാൾ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികൾ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്. താമരശേരിയിൽ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകർന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാൾ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ വൈറലാണിപ്പോൾ.
ഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ? നാട്ടുകാർക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാൻ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോ. അതാണ് ഇവിടുത്തെ അവസ്ഥ. ഗോവിന്ദൻ മാഷ് പറയുന്നു. ഞങ്ങൾ മുന്നാമതും വരും എന്ന്. നിങ്ങൾ മൂന്നാമതും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടും’- മുരളീധരൻ പറഞ്ഞു.
Source link