പണമില്ലെന്ന് സർക്കാർ! ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ എക്സൈസ് എങ്ങനെ ലഹരി വേട്ടയ്ക്കിറങ്ങും

കൊച്ചി: ലഹരിവസ്‌തുക്കളുടെ വ്യാപനം കൂടുകയാണ്, വേട്ട മുറുകുകയും. ലഹരിവേട്ടയ്ക്കിറങ്ങാൻ എറണാകുളം ജില്ലയിൽ എക്‌സൈസിന് വണ്ടികൾക്ക് ഒരു കുറവുമില്ല. പക്ഷേ ഓടിക്കാൻ ഡ്രൈവർമാരില്ലെന്ന് മാത്രം! സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ‘ഡ്രൈവർമാരായി’ പകരം സേവനമനുഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതാണ് കാരണം. സംസ്ഥാനത്താകെ ഇതാണ് സ്ഥിതി. ജില്ലയിൽ കോതമംഗലം, മാമല, തൃപ്പൂണിത്തുറ റേഞ്ചുകളലും വിവിധ മേഖലകളിലെ ഏഴ് ഓഫീസുകളിലും സാരഥികളില്ല. ഡ്രൈവർമാരുടെ കുറവ് ലഹരിക്കേസുകളിലെ പരിശോധനയെ സാരമായി ബാധിക്കുന്നുമുണ്ട്.
2022ൽ എക്‌സൈസ് ഡ്രൈവർ തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തിയിരുന്നു. ഇതിൽ 28 പേർക്ക് മാത്രമേ നിയമനം ലഭിച്ചുള്ളൂ. 2015ലാണ് സർക്കാർ ഒടുവിൽ പുതിയ ഡ്രൈവർ തസ്തിക സൃഷ്ടിച്ചത്. 30 എണ്ണം. എന്നിട്ടും സംസ്ഥാനത്ത് 27 ഓഫീസുകളിൽ ഡ്രൈവർമാരില്ല. ഈ കുറവ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെ പോലും ബാധിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കുകയോ എക്‌സൈസ് വകുപ്പിലുള്ള വാഹനങ്ങൾക്ക് ആനുപാതികമായി ഡ്രൈവർമാരെ നിയമിക്കുകയോ വേണമെന്നാണ് ആവശ്യം
857 വണ്ടി, 277 ഡ്രൈവർ
സംസ്ഥാനത്ത് എക്‌സൈസിന് 857 വാഹനങ്ങളാണുള്ളത്. ഇതിൽ 399 എണ്ണം ഇരുചക്രവാഹനങ്ങളാണ്. ഇരുചക്രവാഹനങ്ങൾ ഒഴിവാക്കിയാൽ 458 എണ്ണം. ഇവയ്ക്ക് ആകെ 277 ഡ്രൈവർമാരെ സേനയിലുള്ളൂ. എക്‌സൈസ് വകുപ്പ് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാണിച്ച് നിരവധി തവണ പുതിയ ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിനെ സമീപിച്ചെങ്കിലും ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അനുമതി ലഭ്യമായിട്ടില്ല
ജീപ്പുകൾ – 450
മിനി ബസ് – 2
ബസ് -6
പണമില്ലെന്ന് സർക്കാർ
ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മിഷണറായിരിക്കെ ഒരു വാഹനത്തിന് രണ്ട് ഡ്രൈവർമാർ വേണമെന്നും ഡ്രൈവർമാരുടെ അഭാവം വലിയപ്രതിസന്ധിയാണെന്നും സർക്കാരിനെ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത സർക്കാർ തീരുമാനം പരിഗണിക്കുകയേ ചെയ്തില്ല.
Source link