മിഹിറ പറയുന്നു, അഭിനയം നേരംപോക്കല്ല…

പിന്നണിയിൽ നിന്നു ബിഗ്സ്ക്രീനിലെത്തി സിനിമയുടെ ഗ്ലാമറുകൾക്കപ്പുറമുള്ള ആഴവും പരപ്പും മനസിലാക്കി താരപരിവേഷം നേടിയവർ…അഭിനയമോഹം നെഞ്ചേറ്റിയ കന്നട നടി മിഹിറ ഗുരുപാദപ്പയും പിന്തുടരുന്നത് ഇതേ പാതയാണ്. ബംഗളൂരുവിൽ ജനിച്ച മിഹിറയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഛായാഗ്രാഹകൻ മധു അമ്പാട്ടുമായുള്ള കൂടിക്കാഴ്ചയാണ്. അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചത് വലിയൊരു അനുഗ്രഹമായെന്ന് പറയുമ്പോൾ കേരളത്തോടുള്ള അളവറ്റ കടപ്പാട് മിഹിറയുടെ വാക്കുകളിൽ തുളുമ്പുന്നു.
2024ൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ജെ.സി.ജോർജ് സംവിധാനം ചെയ്ത ’പിൻവാതിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികൾക്കും സുപരിചിതയായ മിഹിറ സംസാരിക്കുന്നു.
സിനിമയിലേയ്ക്കുള്ള വരവ്?
നാലുവയസു മുതൽ ഹൈദരാബാദിൽ കുച്ചിപ്പുടി അഭ്യസിക്കുന്നുണ്ട്. കുച്ചിപ്പുടി അഭ്യസിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമകളിലെ നൃത്തരംഗങ്ങളിൽ അഭിനയിക്കാൻ കൊണ്ടുപോയിട്ടുണ്ട്. സിനിമാ സെറ്റുകൾ ആദ്യം കൗതുകമായിരുന്നു. പിന്നീട് അഭിനയമോഹം ഉദിച്ചു.
സഹായിയുടെ കുപ്പായം?
സിനിമ വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്. അഭിനേതാവ് ഒരു സന്ദർഭത്തെ സമീപിക്കുന്ന രീതിയിലാവില്ല സംവിധായകൻ കാണുന്നത്. അതു മനസിലാക്കാൻ സിനിമയുടെ അണിയറയിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കുടുംബത്തിൽ ആർക്കും സിനിമാപശ്ചാത്തലമില്ല. എങ്ങനെ ഫോട്ടോഷൂട്ടുകൾക്ക് പോകണം,ആരെ സമീപിക്കണം,എന്നൊന്നും ധാരണയുണ്ടായിരുന്നില്ല. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഒരു തെലുങ്ക് ചിത്രത്തിൽ അവസരം ലഭിച്ചു. അവിടെവച്ചാണ് മധു അമ്പാട്ടിനെ പരിചയപ്പെടുന്നത്. അദ്ദേഹമായിരുന്നു ചിത്രത്തിന്റെ ഡി.ഒ.പി ചെയ്തിരുന്നത്. അന്ന് അദ്ദേഹം എന്റെ അഭിനയത്തെയും ചിരിയെയുമൊക്കെ ഏറെ പുകഴ്ത്തി. ഗുരുസ്ഥാനത്ത് കണ്ട അദ്ദേഹത്തിന്റെ ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം അസിസ്റ്റന്റ് ഡയറക്ടറായി. തെലുങ്ക് നടിയും നർത്തകിയുമായ മഞ്ജു ഭാർഗവിയുടെ ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററിയിലൂടെയായിരുന്നു അരങ്ങേറ്റം. ഒരു സിനിമ യാഥാർത്ഥ്യമാക്കാൻ വേണ്ട കഠിനാദ്ധ്വാനം കണ്ടത് അന്നായിരുന്നു. സിനിമയുടെ മുഖമായി നിൽക്കുമ്പോഴുള്ള ഗ്ലാമർ അതിനുണ്ടാവില്ല. എന്നാൽ,ഒരു കലാകാരി എന്ന നിലയിൽ അതെന്നെ പരിവപ്പെടുത്തി. തുടർന്ന് തെലുങ്കിലും കന്നടയിലും ആറോളം ചിത്രങ്ങളിൽ സഹസംവിധായികയായി. ഇരുഭാഷകളിലും അഭിനയവും തുടർന്നു. അന്നപൂർണ ഫോട്ടോസ്റ്റുഡിയോ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയത്തിനൊപ്പം അസിസ്റ്റന്റുമായി.
സെലക്ടീവ് ആവാറുണ്ടോ?
ചെറുപ്പം മുതൽ എന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുടുംബം നൽകിയിട്ടുണ്ട്. എല്ലാ പ്രോജക്ടുകളിലും തലവയ്ക്കാതെ മികച്ച നടിയായി എന്നെ വാർത്തെടുക്കുന്ന പ്രോജക്ടുകൾക്കാണ് പ്രാധാന്യം നൽകുന്നത്.
സിനിമയ്ക്ക് പിന്നണിയിൽ സ്ത്രീസാന്നിദ്ധ്യം കുറവാണെന്ന് തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടുണ്ട്. എന്നാൽ,ധീരതയോടെ സ്ത്രീകൾ തന്നെ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. ഭാവിയിൽ സിനിമയ്ക്ക് പിന്നിലും കൂടുതൽ സ്ത്രീകളെത്തും. നിലവിൽ അഭിനയത്തിനാണ് പ്രാധാന്യം നൽകുന്നത്. ഭാവിയിൽ സിനിമാനിർമ്മാണവും സംവിധാനവും ചെയ്യാൻ മോഹമുണ്ട്.
പിൻവാതിലിലൂടെ മലയാളത്തിൽ?
പിൻവാതിൽ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രം ചെയ്യാനായത് വലിയ ഭാഗ്യമായി. പുരുഷനായി ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ കഥയാണ് സിനിമ പറഞ്ഞത്. എല്ലാവരും കരുതുന്നത് അത് ഒരു പുരുഷനാണെന്നാണ്. ഓരോവട്ടവും യാഥാർത്ഥ്യത്തിൽ നിന്നു ഒളിച്ചോടേണ്ടി വരുന്ന കഥാപാത്രത്തിന്റെ സങ്കീർണതകൾ ഒപ്പിയെടുക്കാൻ അണിയറപ്രവർത്തകർ സഹായിച്ചു. മധു അമ്പാട്ടാണ് ഡി.ഒ.പി ചെയ്തത്. ചലച്ചിത്രമേളയിൽ കാണികളിലൊരാളായി അത് കണ്ടപ്പോൾ അഭിമാനം തോന്നി. ചിത്രം ഉടൻ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയിലെ പ്രോജക്ടുകൾ?
മാദ്ധ്യപ്രവർത്തകയായി ചെറുതെങ്കിലും പ്രധാനപ്പെട്ട വേഷത്തിലെത്തിയ തെലുങ്ക് ചിത്രം റിലീസ് ആകാനുണ്ട്. ചിത്രം ഈ മാസം പുറത്തിറങ്ങും. തെലുങ്ക് വെബ്സീരീസും പുറത്തിറങ്ങാനുണ്ട്. തീരദേശത്ത് താമസിച്ച് ഉപ്പ് നിർമ്മിക്കുന്ന പെൺകുട്ടിയുടെ വേഷമാണ് രണ്ടാമത്തെ മലയാളം ചിത്രമായ ’സാൾട്ട് ലേഡി”യിൽ ചെയ്യുന്നത്.
Source link