കുടിയേറ്റങ്ങളും മതപരിവർത്തനവും രാജ്യത്തിന് ഭീഷണി: ഉപരാഷ്ട്രപതി

തിരുവനന്തപുരം: അനധികൃത കുടിയേറ്റങ്ങളും ആസൂത്രിത മതപരിവർത്തനശ്രമങ്ങളും രാജ്യത്തിന് ഭീഷണിയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനും പ്രമുഖചിന്തകനും എഴുത്തുകാരനുമായിരുന്ന പി.പരമേശ്വരന്റെ സ്മൃതിദിനത്തിൽ ‘ജനസംഖ്യ, ജനാധിപത്യം വികസനം ഭാരതത്തിന്റെ ഭാവി” എന്ന വിഷയത്തിൽ നാലാമത് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാവളർച്ച ജൈവികവും സ്വാഭാവികവുമായിരിക്കണം. അപ്പോഴേ അത് നാനാത്വത്തിൽ ഏകത്വത്തെ പ്രതിഫലിപ്പിക്കുന്നുള്ളൂ. വശീകരണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും ദുർബലരായവരെ കണ്ടെത്തി മതം മാറ്റുന്നത് ആസൂത്രിതനീക്കമാണ്. ഓരോരുത്തർക്കും ഇഷ്ടാനുസരണം മതം തിരഞ്ഞെടുക്കാമെന്നത് നമ്മുടെ മൗലികാവകാശമാണ്. അനധികൃത കുടിയേറ്റങ്ങൾ രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യമേഖലകളെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയകൾ പോലും അട്ടിമറിക്കപ്പെടും. അടിയന്തരമായി ഈ വെല്ലുവിളിയെ നേരിടേണ്ടതുണ്ട്. ഒരോ ഭാരതീയനും ഇതേക്കുറിച്ച് ബോധവാന്മാരാകണം. പാർലമെന്റ്, സംഭാഷണത്തിന്റെയും സംവാദത്തിന്റെയും ചർച്ചയുടെയും അജയ്യമായ കോട്ടയായിരിക്കണം. എന്നാൽ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വശംവദരായി ജനാധിപത്യത്തിന്റെ ക്ഷേത്രങ്ങളിൽ ശല്യപ്പെടുത്തിയും ബഹളമുണ്ടാക്കിയും നശിപ്പിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആദ്യം പാർലമെന്ററി പ്രവർത്തനം മെച്ചപ്പെടണം.
ഇന്ത്യ ഇന്ന് ലോകത്തെ മുഴുവൻ ആകർഷിക്കുന്നു. 140കോടി ജനസംഖ്യയുള്ള ഒരു രാഷ്ട്രം, ഗ്രാമങ്ങളിൽ പോലും വികസനമെത്തിക്കുന്ന വിസ്മയകരമായ കാഴ്ചയാണിന്നുള്ളത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനും ഭാരതത്തിന്റെ മഹത്തായ പുത്രന്മാരിൽ ഒരാളായിരുന്നു പി.പരമേശ്വരനെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഹൈന്ദവ ചിന്താപ്രക്രിയയുടെ ആദർശവാദികളുടെയും ചിന്തകരുടെയും മുൻനിരയിലാണ് അദ്ദേഹം. സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയുള്ള ഏറ്റവും മികച്ച ബുദ്ധിജീവികളിൽ ഒരാളെയാണ് ഈ പ്രഭാഷണത്തിലൂടെ നാം സ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കവടിയാർ ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ സ്വാഗതവും പ്രസിഡന്റ് സി.വി.ജയമണി നന്ദിയും പറഞ്ഞു. ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേഷ് ധൻകറും പങ്കെടുത്തു.
കുംഭമേളയ്ക്ക് പ്രശംസ
പ്രയാഗ് രാജിലെ മഹാകുംഭമേളയുടെ സംഘാടനത്തെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടി കുംഭമേളയിൽ പങ്കെടുത്തെന്നും കുംഭമേളയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
Source link