ഇസ്രയേലിലേക്ക് കടക്കാൻ ശ്രമം: മലയാളി ജോർദ്ദാനിൽ വെടിയേറ്റ് മരിച്ചു

തിരുവനന്തപുരം: ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ജോർദ്ദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. വിസിറ്റിംഗ് വിസയിൽ ജോർദ്ദാനിലെത്തിയ തുമ്പ പള്ളിത്തുറ പുതുവൽ പുരയിടത്തിൽ ഗബ്രിയൽ പെരേരയുടെ മകൻ തോമസാണ് (47, അനി) മരിച്ചത്. ഫെബ്രുവരി 10നാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ബന്ധു തുമ്പ കാസ്ട്രോ നഗർ പുതുവൽപുരയിടം മിനി ഹൗസിൽ എഡിസന് (42) കാലിൽ വെടിയേറ്റെങ്കിലും നാട്ടിൽ തിരിച്ചെത്തി. തോമസ് മരിച്ചതായി ഇന്ത്യൻ എംബസിയിൽ നിന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു.
ഫെബ്രുവരി 5നാണ് തോമസും എഡിസണും യാത്ര തിരിച്ചത്. തുമ്പ സ്വദേശി ബിജു ജലാസാണ് ഇരുവരെയും ജോർദ്ദാനിൽ എത്തിച്ചത്. ഓരോരുത്തരും 3.10 ലക്ഷം രൂപ വീതം വിസക്കും എയർ ടിക്കറ്റിനുമായി നൽകി. ജോർദ്ദാനിൽ നിന്ന് ഇസ്രയേലിലെത്തിച്ച് അവിടെ വിസ തരപ്പെടുത്തി നൽകാമെന്നും പ്രതിമാസം മൂന്നരലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ജോലിക്ക് കയറിയാൽ ആദ്യത്തെ എട്ടുമാസം 50,000 രൂപ വീതം നൽകണമെന്നും കരാറുണ്ടായിരുന്നു.
ഫെബ്രുവരി 9ന് അവസാനമായി വീട്ടിൽ വിളിച്ച് ഇസ്രയേലിലേക്ക് പോകുന്നതായി അറിയിച്ചു. 10നായിരുന്നു യാത്ര. അതിർത്തി കടത്താൻ ഏജന്റ് ബിജു മറ്റൊരാളെ ഏല്പിച്ചു. രണ്ടു ശ്രീലങ്കൻ യുവാക്കളും ഒപ്പമുണ്ടായിരുന്നു. യാത്രക്കൊടുവിൽ രാത്രി 11ന് കടൽ തീരത്തെ ചതുപ്പ് മേഖലയിലൂടെ നടന്ന് ജോർദ്ദാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിടെയാണ് സൈന്യം വെടിവച്ചത്.
മരണവിവരം അറിഞ്ഞത് 28ന്
എഡിസണാണ് ആദ്യം വെടിയേറ്റത്. തലയിൽ വെടിയേറ്റാണ് തോമസ് മരിച്ചത്. മറ്റുള്ളവർക്ക് വെടിയേറ്റില്ല. ബോധരഹിതനായ തന്നെ ആശുപത്രിയിലേക്കും ജയിലിലേക്കും മാറ്റിയപ്പോൾ തോമസ് കൂടെയില്ലായിരുന്നെന്ന് എഡിസൺ നാട്ടിൽ അറിയിച്ചു. തോമസിന്റെ ഭാര്യ ഇക്കാര്യം പറഞ്ഞ് ഇന്ത്യൻ എംബസിയിൽ ഇ- മെയിൽ അയച്ചു. തുടർന്നാണ് 28ന് തോമസ് മരിച്ചതായി എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞദിവസം നാട്ടിൽ എത്തിയപ്പോഴാണ് തോമസിന്റെ മരണവിവരം എഡിസൺ അറിയുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കണമെങ്കിൽ അതിനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി അധികൃതർ വീട്ടുകാരെ അറിയിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു തോമസ്. ക്രിസ്റ്റീനയാണ് തോമസിന്റെ ഭാര്യ. മാതാവ്: സെലിൻ.
Source link