പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തവും 137 വർഷം കഠിനതടവും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തത്തിന് പുറമെ 137 വർഷം കഠിനതടവും വിധിച്ചു. മിയാപദവ് മൂഡംബയൽ കുളവയൽവീട്ടിൽ വല്ലി ഡിസൂസ(47)ക്കാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്. 7.5 ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 28 മാസം അധികതടവ് അനുഭവിക്കണം.
2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി മിയാപദവിലെ പാലടി എന്ന സ്ഥലത്തെ ആൾതാമസമില്ലാത്ത വീട്ടിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പും പോക്‌സോ വകുപ്പുമടക്കം ഉൾപ്പെടുത്തിയാണ് വല്ലി ഡിസൂസക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
മഞ്ചേശ്വരം ഇൻസ്‌പെക്ടറായിരുന്ന അനൂപ്കുമാറാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് അന്വേഷണം കാസർകോട് സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡിന് കൈമാറി. എസ്.എം.എസ് എ.എസ്.പിയായിരുന്ന വിവേക് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എം.എസ് ഡിവൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ പ്രിയ ഹാജരായി.
Source link