KERALAM

ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു, നടപടി മഴയത്ത് ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടി. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

ടാർപോളിൻ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുളള ആശാവർക്കർമാർ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണർത്തിയാണ് ടാർപോളിൻ അഴിച്ചുമാറ്റിച്ചത്. നടപടിക്കെതിരെ ആശാവർക്കർമാർ കയർത്തെങ്കിലും പൊലീസ് അയഞ്ഞില്ല. ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.

വേതനവർദ്ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവർക്കർമാർ സമരത്തിൽ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളിൽ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊർജ്ജം പകർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു . സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവർക്കർമാരെ കണ്ട് മടങ്ങാൻ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ ‘മണിമുറ്റത്താവണിപ്പന്തൽ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തൽ’ എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്.

തുടർന്ന് സുരേഷ് ഗോപി സമരക്കാർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പതിനൊന്നോടെയാണ് ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി സമരപ്പന്തലിലെത്തിയത്. മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കും. സമരസമിതിക്ക് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ആവശ്യങ്ങൾ അംഗീകരിക്കാതെ ആശാപ്രവർത്തകരെ പിരിച്ചുവിട്ടാൽ കേന്ദ്രവിഹിതത്തിൽ പുനർവിചിന്തനം വേണ്ടിവരുമെന്നും പ്രധാനമന്ത്രിയോട് അതിന് ആവശ്യപ്പെടും, സുരേഷ്‌ ഗോപി പറഞ്ഞു.ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും തീരുമാനിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button