‘സ്വാധീനത്തിന് വഴങ്ങരുത്, മകന്റെ മരണത്തിന് കാരണക്കാരായവർ രാഷ്ട്രീയ പിന്തുണയുളളവർ’; ഷഹബാസിന്റെ പിതാവ്

കോഴിക്കോട്: മകന്റെ മരണത്തിന് കാരണക്കാരായവർ രാഷ്ട്രീയ സ്വാധീനമുളളവരാണെന്ന് താമരശേരിയിൽ സഹപാഠികൾ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാൽ. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മകൻ നേരിട്ട ക്രൂരമായ ആക്രമണത്തിന് പിന്നിൽ ലഹരിസ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാൽ വ്യക്തമാക്കി.
‘സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കൾ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുത്’- ഇക്ബാൽ പറഞ്ഞു. അതേസമയം, ഷഹബാസിന്റെ മരണത്തിൽ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. കൂടുതൽ പേരുടെ മൊഴിയെടുക്കും. സംഭവത്തിൽ നേരത്തെ പിടിയിലായ അഞ്ച് വിദ്യാർത്ഥികൾ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും.
ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷഹബാസ് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. കേസിൽ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
Source link