സഹപാഠിയുടെ മൂക്ക് തകർത്ത് ക്ളാസിൽ അടി

ഒറ്റപ്പാലം: നഗരത്തിലെ സ്വകാര്യ ഐ.ടി.ഐയിൽ വിദ്യാർത്ഥി സഹപാഠിയുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തു. ഷൊർണൂർ ഗണേശ്‌ഗിരി സ്വദേശിയായ സാജന്റെ (20) മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. സാജൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പാലപ്പുറം സ്വദേശിയായ വിദ്യാർത്ഥിക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
ഫെബ്രുവരി 19നാണ് ഇരുവരും തമ്മിൽ ക്ലാസ് മുറിയിൽ അടിപിടിയുണ്ടായതെന്നും മൂക്കിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച ശേഷം അന്ന് തന്നെ പൊലീസിനെ വിവരമറിയിച്ചതായും ഐ.ടി.ഐ പ്രിൻസിപ്പൽ രാജേഷ് മേനോൻ പറഞ്ഞു. ക്ലാസ് മുറിയിലെ സി.സി ടി.വി ദൃശ്യങ്ങളും കൈമാറിയിരുന്നു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെയും ഏഴ് ദിവസത്തെ സസ്‌പെൻഷൻ നടപടിയും സ്വീകരിച്ചിരുന്നു. സസ്‌പെൻഷന് ശേഷം രക്ഷിതാക്കൾക്കൊപ്പം രണ്ട് പേരും ഒരുമിച്ച് വരണമെന്ന് നിർദ്ദേശിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Source link