ഫുൾ എ പ്ലസ് സ്വപ്നം ബാക്കിവച്ച് മടക്കം

കോഴിക്കോട്: പത്താം ക്ളാസിൽ ഫുൾ എ പ്ലസ് വാങ്ങണം. തന്നെയോർത്ത് ഉപ്പയും ഉമ്മയും അഭിമാനിക്കണം. മികച്ച ഫുട്ബാൾ കളിക്കാരനാകണം…. കുന്നോളം സ്വപ്നങ്ങൾ കൂട്ടിവച്ചൊരു കൗമാരക്കാരന്റെ ജീവനാണ് മദമിളകിയ ‘ചങ്ങാതിമാർ’ തല്ലിയുടച്ചത്.
പത്താം ക്ലാസിൽ മുന്നേറണമെന്ന വാശിയിൽ രാവും പകലും ഉറക്കമിളച്ച് പഠിച്ച ഷഹബാസിനെ വേദനയോടെ അദ്ധ്യാപകൻ ശഫീഖ് ഓർത്തു. ‘അവനെക്കൊണ്ട് ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ക്ലാസിലെ സൗമ്യ മുഖം. പത്താം ക്ലാസിലെത്തിയപ്പോഴേക്കും അവൻ പഠനത്തെ കൂടുതൽ സീരിയസായി കണ്ടുതുടങ്ങിയിരുന്നു. സംശയങ്ങൾ ചോദിച്ച് മനസിലാക്കും. പിന്നിലായിപ്പോയ വിഷയങ്ങളിൽ മുന്നിലെത്താനുള്ള വാശി അവനിലുണ്ടായിരുന്നു. പരീക്ഷയോടടുത്ത സമയം ഞാൻ ക്ലാസിലെ എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ പോയിരുന്നു. ഷഹബാസിന്റെ വീട്ടിലെത്തിയപ്പോൾ അറിഞ്ഞത് അവൻ കമ്പെയിൻഡ് സ്റ്റഡിക്ക് പോയെന്നാണ്. അവൻ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. പക്ഷേ… വേദനയോടെ അദ്ധ്യാപകൻ ഓർത്തു.
ഷഹബാസ് തങ്ങളുടെ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്നില്ലെന്ന് ട്രിസ് ട്യൂഷൻ ഉടമകളിലൊരാളായ പ്രവീഷ് പറഞ്ഞു. പ്രതികളായവരും പഠിക്കാൻ മിടുക്കരാണ്. പ്രശ്നമുണ്ടാക്കിയ രണ്ട് സ്കൂളിലേയും പത്തോളം വിദ്യാർത്ഥികളോട് ഇനി ട്യൂഷൻ ക്ലാസിൽ വരേണ്ടെന്ന് അറിയിച്ചിരുന്നതാണ്.
Source link