KERALAM

അഞ്ചുവയസുകാരി ഇരയായത് ക്രൂരപീഡനത്തിന്; സ്വകാര്യ ഭാഗത്ത് മാത്രം 28 തുന്നലുകൾ

ഗ്വാളിയോർ: മദ്ധ്യപ്രദേശിൽ അഞ്ചുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയശേഷം കൊലപ്പെടുത്താൻ ശ്രമം. ഗ്വാളിയോറിലാണ് കൊടും ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അയൽവാസിയായ പതിനേഴുകാരനെ പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ സ്വകാര്യഭാഗത്തടക്കം ദേഹമാസകലം മാരകമായി പരിക്കേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ മാത്രം 28 തുന്നലുകളുണ്ട്.നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായ പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമാണ്.

വീടിനുസമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മദ്യലഹരിയിലായിരുന്നു പ്രതി. ലൈംഗിക പീഡനത്തിനുശേഷം തല നിലത്തിടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് തലയ്ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട്. കുട്ടി അബോധാവസ്ഥയിലായതോടെ മരിച്ചു എന്നുകരുതി അവിടെത്തന്നെ ഉപേക്ഷിച്ചശേഷം പ്രതി കടന്നു. അല്പം കഴിഞ്ഞപ്പോൾ ബോധം തിരിച്ചുകിട്ടിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞു. മാതാപിതാക്കളുടെ പരാതിയെത്തുടർന്നാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കി വിചാരണ ചെയ്യണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംഭവത്തെ അപലപിച്ചു. ഇത്തരം കുറ്റങ്ങൾ ഇനി ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പിക്കണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിർദ്ദേശം നൽകി. ഇത്തരത്തിലൊരു തെറ്റ് മറ്റാരും ചെയ്യാനാവാത്തവിധം കുറ്റവാളിക്കെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.


Source link

Related Articles

Back to top button