KERALAM

വൈദ്യപരിശോധനയിൽ ഇ സി ജിയിൽ വ്യതിയാനം,​ പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതി ജാമ്യാപേക്ഷ തള്ളിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവിടുത്തെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാകും ജോർജിനെ പ്രിസൺ സെല്ലിലേക്ക് മാറ്റണോ ജയിലിലേക്ക് അയക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

ഇന്ന് രാവിലെയാണ് പി.സി. ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് പി.സി. ജോർജിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി.കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജോർജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പി.സി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പി.സി. ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.


Source link

Related Articles

Back to top button