KERALAM

കെപിസിസി തലപ്പത്ത് അഴിച്ചുപണിയോ? എഐസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച, കേരള നേതാക്കൾ ഡൽഹിയിൽ

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാൻഡ് പ്രതിനിധികളുടെ ചർച്ച പുരോഗമിക്കുന്നു. എഐസിസിയെ പ്രതിനിധീകരിച്ച് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെസി വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനമാറ്റം ഉൾപ്പടെ ചർച്ചയാകുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ അത്തരമൊരു ചർച്ചയുണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഒരു സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തുന്ന കൂടിക്കാഴ്ച എന്ന പ്രത്യേകത മാത്രമാണ് ഇതെന്നാണ് പല നേതാക്കളും പറയുന്നത്. കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ച യോഗത്തിലുണ്ടാകില്ലെന്ന വിശ്വാസമാണുള്ളതെന്ന് ബെന്നി ബെഹന്നാൽ പറഞ്ഞു.

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് ഒരു മാറ്റമുണ്ടായാൽ പരിഗണിക്കുന്ന പേരുകളിൽ അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ എന്നീ പേരുകളാണുള്ളത്. കെ സുധാകരൻ തന്നെ തുടരട്ടെ എന്ന നിലപാടിലാണ് കെ മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും കേരളത്തിലോ ഡൽഹിയിലോ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബീഹാർ, ബംഗാൾ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ നേതാക്കളെയും വിളിപ്പിച്ചത്. ഞങ്ങളുടെ കൂട്ടത്തിൽ ഒരു തർക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിലാണ് പാർട്ടിയും മുന്നണിയും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് നേട്ടമുണ്ടായത്’- സതീശൻ പറഞ്ഞു


Source link

Related Articles

Back to top button