KERALAM

വയനാട് പുനരധിവാസ ഭൂമി: ഹാരിസണിന് തുക നൽകുന്നതിൽ വ്യക്തതതേടി ഡിവിഷൻബെഞ്ച്

കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക സിവിൽ കോടതിയിൽ കെട്ടിവയ്ക്കുന്നതിനു പകരം എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി ഡിവിഷൻബെഞ്ച്. സർക്കാരും എസ്റ്റേറ്റ് ഉടമകളും നിലപാട് അറിയിക്കണം. പുനരധിവാസത്തെ ബാധിക്കുമെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമ ഹാരിസൺ മലയാളം ലിമിറ്റഡ് ഫയൽ ചെയ്ത അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ എന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ഈ നിയമപ്രശ്‌നം പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി അപ്പീൽ ഫയലിൽ സ്വീകരിച്ചു. വിഷയം അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും.
നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നായിരുന്നു സർക്കാർ നിലപാടെന്നും സിംഗിൾബെഞ്ച് മറിച്ചുള്ള നിർദ്ദേശം നൽകുകയായിരുന്നുവെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. പുനരധിവാസത്തെ ബാധിക്കുമെന്നതിലാണ് അപ്പീൽ നൽകാതിരുന്നതെന്നും ബോധിപ്പിച്ചു.
നഷ്ടപരിഹാരമായി നൽകുന്ന തുകയ്ക്ക് സ്ഥലം ഈടായി കൈമാറുമെന്ന് എസ്റ്റേറ്റ് ഉടമയുടെ അഭിഭാഷകൻ അറിയിച്ചു. നൂറ് വർഷത്തിലേറെയായി ഉടമസ്ഥതയുള്ള ഭൂമിയാണിത്. തുക കോടതിയിൽ കെട്ടിവയ്ക്കാനല്ല സിംഗിൾബെഞ്ച് നിർദ്ദേശിച്ചതെന്നും ബോധിപ്പിച്ചു.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് ഹാരിസണിന്റെ ഹർജി. കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിനെതിരെ ഉടമസ്ഥരായ എൽസ്റ്റോൺ ടീ എസ്റ്റേറ്റും അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഈ ബെഞ്ചിൽ എത്തിയിരുന്നില്ല.


Source link

Related Articles

Back to top button