അഫാന്റെ മാതാവിന് മാത്രം 65 ലക്ഷം രൂപ കടം; ഫർസാനയുടെ അവസാന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി. ഇതിൽ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നൽകിയവർക്ക് തിരികെ കൊടുത്തുവെന്നാണ് വിവരം. അഫാന്റെ മാതാവ് ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കടം കാരണം ജീവിതം മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാൻ കീഴടങ്ങിയപ്പോൾ പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ. അഫാന്റെ പിതാവിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ഇപ്പോൾ ലഭിച്ച വിവരം. പിതാവിന് പണം അയക്കാൻ കൂടി പറ്റാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി കുടുംബം.
ഇന്ന് അഫാന്റെ വിശദമായ മൊഴിയെടുക്കും. ആറ്റിങ്ങൽ ഡിവൈഎസ്‌പി ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിയുടെ മൊഴിയെടുക്കാൻ എത്തിയെങ്കിലും അതിന് സാധിച്ചില്ല. പ്രതിയുടെ മാനസികാവസ്ഥ ശരിയല്ലാതിരുന്നതിനാൽ ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. അഫാന്റെ മൊഴി കൂടി പരിശോധിച്ച ശേഷം കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ വിളിച്ചതിന് പിന്നാലെ ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അഫാന്റെ സഹോദരൻ അഫ്‌സാന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Source link