ഹണി ബെഞ്ചമിൻ കൊല്ലം മേയർ, എസ്. ജയൻ ഡെപ്യൂട്ടി മേയർ

കൊല്ലം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഹണി ബെഞ്ചമിനെ കൊല്ലം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സി.പി.എം അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റിയംഗം എസ്.ജയനാണ് ഡെപ്യൂട്ടി മേയർ. ഇടതുമുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനവും സി.പി.ഐയിലെ കൊല്ലം മധു ഡെപ്യൂട്ടി മേയർ സ്ഥാനവും രാജിവച്ചതിനെ തുടർന്നാണിത്.
55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന്റെ 38 അംഗങ്ങളിൽ 37പേരുടെ വോട്ടും ഇരുവർക്കും ലഭിച്ചു. നീരാവിലിൽ നിന്നുള്ള എൽ.ഡി.എഫ് കൗൺസിലർ ശസ്ത്രക്രിയയെ തുടർന്ന് അവധി അപേക്ഷ നൽകിയിരുന്നു. യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ എം.സുമിക്കും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആർ.എസ്.പിയിലെ എം.പുഷ്പാംഗദനും എട്ട് വോട്ടുവീതം ലഭിച്ചു. യു.ഡി.എഫിലെ പത്ത് കൗൺസിലർമാരിൽ രണ്ടുപേർ അവധി അപേക്ഷ നൽകിയിരുന്നു. ബി.ജെ.പിയുടെ ആറ് കൗൺസിലർമാരിൽ അഞ്ചുപേരും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഒരാൾ എത്തിയില്ല. കളക്ടർ എൻ.ദേവിദാസ് വരണാധികാരിയായിരുന്നു.
ഹണി ബെഞ്ചമിന്
മൂന്നാം ഊഴം
ഹണി ബെഞ്ചമിൻ മൂന്നാം തവണയാണ് കൊല്ലം മേയറാകുന്നത്. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ അവസാന ഒരുവർഷക്കാലം മേയറായിരുന്നു. വടക്കുംഭാഗം ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ്. മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആശ്രാമം സാന്ദ്ര ഡെയിലിലാണ് താമസം. ഭർത്താവ്: ആർ.എം.എസ് റിട്ട. ജീവനക്കാരൻ ജെ.ബെഞ്ചമിൻ. മക്കൾ: ഡോ.ഹാമിൻ.ജെ.ബെഞ്ചമിൻ, സാന്ദ്ര.ജെ.ബെഞ്ചമിൻ.
വള്ളിക്കീഴ് ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ എസ്.ജയൻ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനായിരുന്നു. മൂന്നാം തവണയാണ് കോർപ്പറേഷൻ കൗൺസിലറായത്. സി.ഐ.ടി.യു അഞ്ചാലുംമൂട് ഏരിയ സെക്രട്ടറിയാണ്. അഞ്ചാലുംമൂട് ജയൻ നിവാസിൽ താമസം. സഹകരണ ബാങ്ക് ജീവനക്കാരി ഷീജയാണ് ഭാര്യ. മകൾ: ദേവപ്രിയ.
Source link