കേരള ബാങ്കിന്റെ വായ്പ 52,000 കോടിയിൽ; എംഎസ്എംഇക്ക് അടുത്തവർഷം 50,000 വായ്പ, ലക്ഷ്യം ഒരുലക്ഷം തൊഴിലവസരം

തിരുവനന്തപുരം∙ നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്ക് ‘സി’യിൽ നിന്ന് ‘ബി ’ ഗ്രേഡിലേക്ക് ഉയർന്നു. 2024–25 അവസാനിക്കുമ്പോഴേക്കും ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി 7 ശതമാനത്തിൽ താഴെയും എത്തിക്കാൻ തീവ്രശ്രമം നടക്കുന്നതായി മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സഞ്ചിത നഷ്ടം 18% ആയിരുന്നത് 11.47%ത്തിലേക്ക് കുറയ്ക്കാനായതും ഗ്രേഡിങ്ങിൽ മുന്നിലെത്താൻ സഹായിച്ചു. ബാങ്ക് ഇതുവരെ വിതരണം ചെയ്ത ആകെ വായ്പ മാർച്ച് മാസത്തോടെ 52,000 കോടി രൂപ കവിയും. നടപ്പു സാമ്പത്തിക വർഷം മാത്രം ഇത് 18,000 കോടിയാണ്. മുൻ വർഷത്തെക്കാൾ 2,000 കോടി രൂപ അധികം. മൊത്തം വായ്പയിൽ 25% കാർഷിക മേഖലയിലാണ് നൽകുന്നത്. അടുത്ത സാമ്പത്തിക വർഷം ഇത് 33 % ആക്കും . നെല്ല് അളന്ന ദിവസം തന്നെ കർഷകർക്ക് പണം നൽകുന്ന രീതിയിൽ പിആർഎസ് വായ്പ പൂർണമായും കേരള ബാങ്കിലൂടെ നൽകുന്നതിനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
Source link